മടവീഴ്ചയുണ്ടായ പാടങ്ങളിലെ പുറംബണ്ട് നിർമാണം തുടങ്ങി

കുട്ടനാട്ടില്‍ മടവീഴ്ചയുണ്ടായ പാടശേഖരങ്ങളിലെ പുറംബണ്ട് നിർമാണം തുടങ്ങി. പരമ്പരാഗത രീതിയില്‍ പത്തുദിവസത്തിനകം ബണ്ട് പുനഃസ്ഥാപിക്കാനാണ് ശ്രമം. പക്ഷേ വീടുകളിലെ വെള്ളമിറങ്ങാനും ആലപ്പുഴ–ചങ്ങനാശേരി റോഡ് ഗതാഗതയോഗ്യമാകാനും ആഴ്ചകളെടുക്കും. 

കുട്ടനാട്ടിൽ ഇത്തവണ ആദ്യം മടവീഴ്ചയുണ്ടായ കനകാശ്ശേരി, ആറുബങ്ക് പാടശേഖരങ്ങള്‍ക്കാണ് തുടക്കത്തില്‍ പുറംബണ്ട് കെട്ടുന്നത്. മണല്‍ ചാക്കുകളിട്ടാണ് 20 മീറ്റർ വീതിയിൽ നിര്‍മാണം. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് നീക്കം ചെയ്യുന്ന മണ്ണാണ് ഉപയോഗിക്കുന്നത്. മടവീഴ്ചയുണ്ടായി ഇത്രവേഗത്തില്‍ ബണ്ടുനിര്‍മാണം ഇതാദ്യമാണെന്ന് മന്ത്രി പറയുന്നു 

ചെറുതും വലുതുമായ അന്‍പതോളം പാടശേഖരങ്ങളിലാണ് മടവീണ് കൃഷി നശിച്ചത്. കൈനകരിയില്‍ കനകാശ്ശേരി, ആറ്ബങ്ക് പാടശേഖരങ്ങളുടെ സമീപം 830 വീടുകളാണ് വെള്ളത്തിലായത്. തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവയിലൂടെ കൂടുതൽ വെള്ളം കടലിലേക്ക് ഒഴുകിപോകുന്നത് ജലനിരപ്പ് താഴാന്‍ കാരണമായിട്ടുണ്ട്. എങ്കിലും കുട്ടനാടിന്റെ ഉള്‍വഴികള്‍ പലതും വെള്ളക്കെട്ടിനാല്‍ മുടങ്ങിയിരിക്കുകയാണ്