കൊച്ചി മെട്രോ; റോഡുകള്‍ കെട്ടിയടക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിന് കാക്കനാട് കൈമാറിയ സ്ഥലത്തുകൂടിയുള്ള റോഡുകള്‍ കെട്ടിയടക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. മൈതാനവും റോഡുകളും നിലനിര്‍ത്തുമെന്ന് സ്ഥലം എം.എല്‍.എയും, കലക്ടറും നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി.  

കൊച്ചി മെട്രോയ്ക്ക് അധിക വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍ക്കായി പതിനേഴ് ഏക്കര്‍ സ്ഥലമാണ് കാക്കനാട് കൈമാറിയിരിക്കുന്നത്. എന്‍.ജി.ഒ ക്വാട്ടേഴ്സുകള്‍ ഉള്‍പ്പെട്ട മൂന്നു പ്ലോട്ടുകളായുള്ള ഭൂമിയാണ് കൈമാറിയത്. സമീപത്തെ നൂറിലധികം വീടുകളിലേക്കുള്ള റോഡ് വേലി‍കെട്ടി അടയ്ക്കാനുള്ള കെ.എം.ആര്‍ .എല്ലിന്‍റെ നീക്കം കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞിരുന്നു. പ്രശ്ന പരിഹാരത്തിനായി സ്ഥലത്തെത്തിയ പി.ടി.തോമസ് എം.എല്‍.എയോടും കലക്ടറോടും നാട്ടുകാര്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു.

നിയമപരമായ എല്ലാ സഹായവും നാട്ടുകാര്‍ക്ക് കലക്ടര്‍ ഉറപ്പുനല്‍കി. മൈതാനം നിലവിലെ സ്ഥിതിയില്‍ തുടരണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് എം.എല്‍.എയും അനുകൂല നിലപാടെടുത്തു.സ്ഥലം വേലികെട്ടി സുരക്ഷിതമാക്കുകയാണ് ചെയ്തതെന്ന നിലപാടിലാണ് കെ.എം.ആര്‍.എല്‍.