സഹപാഠിക്ക് സ്വപ്നഭവനമൊരുക്കി കൂട്ടുകാർ

സഹപാഠിക്ക് സ്വപ്നഭവനമൊരുക്കി കുട്ടി പൊലീസുകാരുടെ സ്നേഹ കൂട്ടായ്മ.  കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ്‌ വൊക്കേഷണൽ ഹയർ സെക്കന്‍‍ഡറി സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കൂട്ടായ്മയാണ് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സഹപാഠികളുടെ കുടുംബത്തിനായി വീട് വച്ചു നല്‍കിയത്. പുതിയ വീടിന്‍റെ താക്കോല്‍  ഐ.ജി പി.വിജയൻ നാളെ <<ഞായര്‍>> കൈമാറും.

കൂട്ടുകാരുടെ സങ്കടം സ്വന്തം സങ്കടമായി ഏറ്റെടുത്ത കുറേ കുട്ടികളുടെ നല്ല മനസിന്‍റെ അടയാളമാണ് ഈ വീട് . കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ്‌ വൊക്കേഷണൽ ഹയർ സെക്കന്‍‍ഡറി സ്കൂളിലെ 88 സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ കൂട്ടായ്മയിലാണ് ഈ വീടൊരുങ്ങിയത്. സ്റ്റുഡന്‍റ് പൊലീസ് പരേഡ് കമാന്‍ഡറും സ്കൂളിലെ വിദ്യാര്‍ഥിനിയുമായ സൂര്യയ്ക്കും,അനിയന്‍ സൂര്യനുമുളള സഹപാഠികളുടെ സമ്മാനം. ഇടിഞ്ഞു വീഴാറായ വീട്ടില്‍ ദാരിദ്ര്യത്തോട് പടവെട്ടി ജീവിക്കുന്ന സഹപാഠികളെ കുറിച്ചറിഞ്ഞാണ് വിദ്യാര്‍ഥികള്‍ വീട് വച്ചു നല്‍കാന്‍ തീരുമാനിച്ചത്. ആമ്പല്ലൂര്‍ പഞ്ചായത്തിലെ അരയന്‍കാവില്‍ മൂന്നര സെന്‍റ് സ്ഥലം വാങ്ങിയാണ് അറുന്നൂറ് സ്ക്വയര്‍ ഫീറ്റ് വീട് പണിതത്.  14 ലക്ഷം രൂപ നാട്ടുകാരില്‍ നിന്നടക്കം സ്വരൂപിച്ചായിരുന്നു നിര്‍മാണം.

സ്റ്റുഡന്‍റ് പൊലീസിന്‍റെ ചുമതലയുളള അധ്യാപകരായ നോബി വര്‍ഗീസും,ജെയ്മോള്‍ തോമസും വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി കൂടെയുണ്ടായിരുന്നു.  ഒന്നര വര്‍ഷത്തെ പരിശ്രമങ്ങള്‍ക്കൊടുവിലുയര്‍ന്ന സ്നേഹവീടിന്‍റെ താക്കോല്‍ ‍ഞായറാഴ്ച സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങില്‍ ഐജി പി.വിജയന്‍ സൂര്യയ്ക്കും സൂര്യനും കൈമാറും.