തനിമ ചോരാതെ തോൽപ്പാവക്കൂത്ത്; പൂരപ്രേമികൾക്ക് ആവേശം

മേളം ആസ്വദിച്ചു ശീലിച്ചിട്ടുള്ള തൃശൂരിലെ പൂരപ്രേമികള്‍ക്ക് ആവേശമായി തോല്‍പാവക്കൂത്ത്. തൃശൂരിലെ പൂരപ്രേമി സംഘത്തിന്‍റെ വാട്സാപ്പ് കൂട്ടായ്മയായ കാല പ്രാമാണികമാണ് തോല്‍പാവക്കൂത്തിന് വേദിയൊരുക്കിയത്. 

രാമായാണം ആസ്പദമാക്കിയ കഥയായിരുന്നു തോല്‍പാവക്കൂത്തിന്‍റെ ഇതിവൃത്തം. ഒന്നരമണിക്കൂറായിരുന്നു ദൈര്‍ഘ്യം. പാറമേക്കാവ് അഗ്രശാലയില്‍ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തിയാണ് തോല്‍പാവക്കൂത്ത് അരങ്ങേറിയത്. ചെണ്ടയും കുഴിതാളവും ഇടയ്ക്കയും ചിലങ്കയും ശംഖും തീര്‍ത്ത വാദ്യശബ്ദങ്ങള്‍ കഥാവതരണത്തിന് മിഴിവേകി. രാമചന്ദ്രപുലവരും സംഘവുമായിരുന്നു അവതാരകര്‍.

ക്ഷേത്ര ആചാരങ്ങളും കലകളും തനിമ ചോരാതെ നിലനിര്‍ത്താന്‍ തൃശൂരിലെ പൂരപ്രേമികള്‍ രൂപികരിച്ച കാലാപ്രാമാണികം വാട്സാപ്പ് കൂട്ടായ്മയാണ് ഇത്തരം പ്രതിമാസ പരിപാടികള്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ മൂന്നു മാസമായി സംഘടിപ്പിച്ച വ്യത്യസ്ത പരിപാടികളെല്ലാം ആസ്വദിക്കാന്‍ വന്‍ജനമെത്തിയിരുന്നു. വരും മാസങ്ങളില്‍ പൂരനഗരം കണ്ടുശീലിച്ചിട്ടില്ല കലാരൂപങ്ങള്‍ അരങ്ങില്‍ എത്തും.