കുട്ടനാട്ടിൽ നാട്ടുകാർ മുൻകയ്യെടുത്ത് തോടുകൾ വൃത്തിയാക്കുന്നു

ജനകീയ കൂട്ടായ്മയില്‍ കുട്ടനാട്ടില്‍ നാട്ടുതോടുകള്‍ ശുദ്ധീകരിക്കുന്നു. ആദ്യഘട്ടമായി നെടുമുടി പഞ്ചായത്തിലെ രണ്ടരക്കിലോമീറ്റര്‍ നീളം വരുന്ന തോട്ടുവാത്തല തോട് വൃത്തിയാക്കി. വിവിധ സംഘടനകളുടെ സഹായത്താല്‍, നൂറുകണക്കിന് നാട്ടുകാരുടെ ശ്രമദാനമാണ് ശുചീകരണത്തിന് മുതല്‍ക്കൂട്ടായത് 

യന്ത്രസഹായത്താല്‍ ആഴത്തില്‍ ചെളികോരി. മനുഷ്യാധ്വാനത്തില്‍ പോളയും. തോടുകളിലേക്ക് ചഞ്ഞുവീണ മരങ്ങള്‍ മുറിച്ചുമാറ്റി. ആഞ്ഞുവലിച്ചൊരു അധ്വാനം.നെടുമുടി പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍നിന്നുള്ള തൊഴിലുറപ്പുകാരും കുടുംബശ്രീ പ്രവര്‍ത്തകരുമാണ് ശ്രമദാനത്തിന് എത്തിയത്. തെക്കേമുറി മനയ്ക്കല്‍ മുതല്‍ ചെറിയ പൈക്കര വരെയുള്ള രണ്ടരകിലോമീറ്റര്‍ ശുചിയാക്കാന്‍ ഒറ്റദിവസം. വാരിയെടുത്ത ചെളികൊണ്ട് പാടശേഖരങ്ങളുടെ പുറംബണ്ട് ശക്തിപ്പെടുത്തും. ഇതോടെ തോട്ടില്‍ നീരൊഴുക്ക് സുഗമമാക്കാന്‍ കഴിയുമെന്നാണ്  ആത്മവിശ്വാസം.  

നെടുമുടി പഞ്ചായത്തില്‍ മാത്രം 42 തോടുകളുണ്ട്. സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിലെ ആയിരത്തി അഞ്ഞൂറ് കിലോമീറ്ററോളം നീളം വരുന്ന തോടുകള്‍ക്കാവും മാലിന്യങ്ങളില്‍നിന്ന് മോചനമാകുക