വീട് നിർമാണത്തിനെന്ന വ്യാജനേ ഖനനം; നടപടിയെടുക്കാതെ അധികൃതർ; രോഷം

ചെങ്ങന്നൂരിന് സമീപം മുളക്കുഴ പഞ്ചായത്തില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകമാകുന്നു.  മണ്ണെടുപ്പ് വ്യാപകമാകുമ്പോഴും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

മുളക്കുഴ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലാണ് നിലവില്‍ ഏറ്റവുമധികം അനധികൃത മണ്ണെ‌ടുപ്പ് നടക്കുന്നത്. മീറ്ററുകളോളം താഴ്ചയില്‍ പലയിടത്തും മണ്ണെടുത്ത് മാറ്റിക്കഴിഞ്ഞു. വീട് നിര്‍മാണത്തിനെന്ന വ്യാജേനയാണ് ഖനനം പുരോഗമിക്കുന്നത്.  പ്രദേശത്തെ കിണറുകളിലെ ജലനിരപ്പും വലിയതോതില്‍ താഴ്ന്നതായി നാട്ടുകാര്‍ പറയുന്നു. മണ്ണെടുക്കാനെത്തുന്നവര്‍ക്കൊപ്പം വലിയൊരു സംഘവുമുണ്ടാകുമെന്നതിനാല്‍ പ്രതികരിക്കാന്‍ നാട്ടുകാര്‍ക്കും ഭയമാണ്. അധികൃതര്‍ സ്ഥലത്തെത്തിയാലും നടപടിയെടുക്കാതെ മടങ്ങുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു.

ചുവന്നനിറത്തിലുള്ള മണ്ണാണ് മുളക്കുഴ പ്രദേശത്തുള്ളത്. ഇതാണ് ഖനന മാഫിയയെ ഇവിടേക്ക് ആകര്‍ഷിക്കുന്നതും. 

പാരിസ്ഥിതികമായി ദുര്‍ബലമായ മുളക്കുഴ പഞ്ചായത്തില്‍നിന്ന് മണ്ണ് ഖനനം പാടില്ലെന്ന് മുന്‍പ് നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശവും നിയമങ്ങളുമെല്ലാം കാറ്റില്‍പറത്തിയാണ് മണ്ണെ‌‌‌ടുപ്പ് പുരോഗമിക്കുന്നത്.