ചാലിയാർ മണല്‍ തൊട്ടാൽ പൊളളും; താങ്ങാനാവാത്ത വിലയെന്ന് ആക്ഷേപം

ചാലിയാറില്‍ നിന്ന് സംഭരിച്ച മണല്‍ സാധാരണ കുടുംബങ്ങളുടെ വീട് നിര്‍മാണത്തിന് നല്‍കാന്‍ നടപടിയില്ലെന്ന് ആക്ഷേപം. കോഴിക്കോട് ഒളവണ്ണ പ‍‍ഞ്ചായത്തില്‍ രണ്ട് തവണ ലേലം നടന്നെങ്കിലും വിലക്കൂടുതലെന്ന കാരണത്താല്‍ ആരും ഏറ്റെടുത്തില്ല. വില കുറയ്ക്കാനാകില്ലെന്ന നിലപാടിലാണ് 

ജില്ലാഭരണകൂടവും പഞ്ചായത്ത് ഭരണസമിതിയും.  പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ചാലിയാറില്‍ നിന്ന് മണല്‍വാരാന്‍ തുടങ്ങിയത്. സംഭരിച്ച മണല്‍ ഒളവണ്ണ പ‍ഞ്ചായത്തിന്റെ വിവിധയിടങ്ങളിലായാണ് 

സൂക്ഷിച്ചിട്ടുള്ളത്. 85 ചതുരശ്ര അടി മണലിന് നാലായിരം രൂപയാണ് അടിസ്ഥാന വില. നികുതി, കയറ്റുകൂലി, പാതാര്‍ വാടക, വാഹന വാടക എന്നിവയും കൂടിയാകുമ്പോള്‍ അയ്യായിരം കടക്കും. സാധാരണക്കാര്‍ക്ക് ഇത് താങ്ങാവുന്നതിനപ്പുറമെന്നാണ് ആക്ഷേപം. ഇതോടെ രണ്ട് തവണത്തെയും ലേലനടപടി പൂര്‍ത്തിയാക്കാനായില്ല. 

മണക്കടവ്, കൊളത്തറ, ചുങ്കം, അറപ്പുഴ എന്നിവിടങ്ങളിലാണ് മണല്‍നീക്കം നടക്കുന്നത്. വീട് നിര്‍മാണ രേഖകള്‍ സമര്‍പ്പിക്കുന്നവര്‍ക്കെങ്കിലും കുറഞ്ഞ നിരക്കില്‍ മണല്‍ നല്‍കണമെന്നാണ് ആവശ്യം. ജില്ലാഭരണകൂടത്തിന്റെ മാനദണ്ഡപ്രകാരമാണ് ലേലം നിശ്ചയിച്ചതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. തൊഴിലാളികളുടെ കൂലിയുള്‍പ്പെടെയുള്ള ചെലവ് കണക്കാക്കുമ്പോള്‍ സ്വന്തം നിലയില്‍ അടിസ്ഥാനവില മാറ്റാനാകില്ലെന്നും ഭരണസമിതി വ്യക്തമാക്കി.