വട്ടവട പച്ചക്കറി മാർക്കറ്റിന്റെ നിർമാണത്തിൽ അഴിമതി ആരോപണം

ഇടുക്കി വട്ടവടയിലെ  പച്ചക്കറി  മാര്‍ക്കറ്റിന്റെ നിര്‍മാണത്തില്‍ അഴിമതി ആരോപണം.  രണ്ടായിരത്തി പതിനഞ്ചില്‍ ആരംഭിച്ച  പദ്ധതി എങ്ങുമെത്തിയില്ല. അറുപത്  ലക്ഷംരൂപയുടെ അഴിമതിയുണ്ടെന്ന  ആരോപണവുമായി കോണ്‍ഗ്രസ്സ് രംഗത്ത്. 

രണ്ടായിരത്തി പതിനഞ്ചിലാണ് സ്റ്റേറ്റ് ഹോള്‍ട്ടി കള്‍ച്ചര്‍ മിഷന്‍ വട്ടവടയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ പച്ചക്കറികളും സംഭരിക്കുന്നതിനും വിപണനം നടത്തുന്നതും ലക്ഷ്യമിട്ട്  നാപ്‌കോണിന്റെ സഹകരണത്തോടെ വട്ടവട പഞ്ചായത്തിലെ ഇടമന്നന്‍ ഭാഗത്ത് രണ്ടുകോടി അറുപതു  ലക്ഷം രൂപാ ചിലവില്‍ പച്ചക്കറി  മാര്‍ക്കറ്റിനായി കെട്ടിടം നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചത്. 

തുടര്‍ന്ന് അന്നത്തെ കൃഷി മന്ത്രി നേരിട്ടെത്തി ശിലാസ്ഥാപനവും നിര്‍വ്വഹിച്ചു. ഇതിന് ശേഷം അധികാരത്തിലെത്തിയ പഞ്ചായത്ത് ഭരണസമതി മാര്‍ക്കറ്റ് പണിയുന്നത് ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഊര്‍ക്കാട്ടിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവിടെ  മാര്‍ക്കറ്റിനൊപ്പം ഷോപ്പിംഗ് കോപ്ലക്‌സും പണികഴിപ്പിക്കുന്നതിനായിരുന്നു പദ്ധതി. കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. നിര്‍മ്മാണത്തില്‍ അറുപത്  ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.  വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന്  കോണ്‍ഗ്രസ്സ് പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കി.