ഗതാഗതയോഗ്യമായ റോഡില്ല; ഇടമലക്കുടിയിലെ കര്‍ഷകര്‍ ദുരിതത്തില്‍

ഗതാഗത യോഗ്യമായ റോഡില്ലാത്തതിനാല്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയാതെ ഇടമലക്കുടിയിലെ കര്‍ഷകര്‍.  ഉല്‍പന്നങ്ങളുടെ വിലയിടിവിനൊപ്പം വിപണിയില്‍ എത്തിക്കുന്നതിനുള്ള അമിതമായ ചിലവും കര്‍ഷകര്‍ക്ക്  തിരിച്ചടിയാണ്. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ഇടമലക്കുടി ആദിവാസി മേഖല പ്രളയാനന്തരം കനത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമല്കുടിയില്‍ ആദിവാസി വിഭാഗങ്ങളുടെ പ്രധാന വരുമാനം കൃഷിയാണ്. എന്നാല്‍ കൃഷിയില്‍ നിന്നും ഉപജീവനമാര്‍ഗം കണ്ടെത്തുവാന്‍ കഴിയാത്ത അവസ്ഥയിലാണ് ആദിവാസികള്‍.   തലച്ചുമടായാണ് വളവും മറ്റും എത്തിയ്ക്കുന്നത്. വിളവെടുത്താലും കുടിയില്‍ നിന്ന് പുറത്തെത്തിക്കാന്‍ മാര്‍ഗമില്ല. കുരുമുളക്, ഏലം, കാപ്പി, തെങ്ങ്, തുടങ്ങിയവയാണ്  ഇവിടുത്തെ പ്രധാന കൃഷി.  വിലയിടിവും, ഉയര്‍ന്ന   ഉല്‍പ്പാദന ചിലവും  വലിയ പ്രതിസന്ധിയാണ സൃഷ്ടിക്കുന്നത്. ഗതാഗതയോഗ്യമായ റോഡുണ്ടായാല്‍ വലിയ ആശ്വാസകരമാകുമെന്നതാണ് കുടിനിവാസികള്‍ പറയുന്നത്.

മൂന്നാറില്‍ നിന്നും ഇടമലക്കുടി മുളക്തറ വരെ റോഡ് നിര്‍മിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് കുടിനിവാസികളുടെ അഭിപ്രായം.  ചുമട്ട്കൂലി അധികമായതിനാല്‍ വിളകള്‍ തമിഴ്‌നാട്ടിലേയ്ക്ക് എത്തിച്ചാണ്  വില്‍പന നടത്തുന്നത്.  എന്നാല്‍ ഉല്‍പാദന ചിലവിന്റെ പകുതിപോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.