കോള്‍പാടശേഖരങ്ങളില്‍ ജലക്ഷാമം രൂക്ഷം; 850 ഏക്കര്‍ കരിഞ്ഞുണങ്ങുന്ന അവസ്ഥയിൽ

തൃശൂരിന്റെ കോള്‍പാടശേഖരങ്ങളില്‍ ജലക്ഷാമം രൂക്ഷം. പറപ്പൂരില്‍ 850 ഏക്കര്‍ പാടശേഖരങ്ങളില്‍ വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങുന്ന അവസ്ഥയിലാണ്. ഈ ചിറയില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് കോള്‍പാടങ്ങളിലേക്ക് വെള്ളം എത്തിച്ചിരുന്നത്. 

ചിറയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാനുള്ള സൗകര്യമില്ല. മാത്രവുമല്ല, വെള്ളം തടഞ്ഞു നിര്‍ത്താനും കഴിഞ്ഞില്ല. വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോറുകളും കൃഷി വകുപ്പില്‍ നിന്ന് കിട്ടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രളയത്തിനിടെയാണ് വെള്ളം പമ്പ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ നശിച്ചത്. മുല്ലശേരി, തോളൂര്‍, എളവള്ളി, കണ്ടാണശേരി പഞ്ചായത്തുകളിലെ നെല്‍കൃഷിയാണ് വെള്ളം ലഭിക്കാതെ കരിയുന്നത്.

ചിമ്മിനി ഡാമില്‍ നിന്നുള്ള വെള്ളമാണ് കോള്‍പാടങ്ങളില്‍ എത്താറുള്ളത്. പക്ഷേ, ഇക്കുറി പലസ്ഥലങ്ങളിലും ബണ്ട് പൊട്ടിയതിനാല്‍ വെള്ളം കൃത്യമായി എത്തിയതുമില്ല. പാടശേഖരങ്ങളില്‍ ഇരുപ്പൂ കൃഷി ചെയ്യാനായിരുന്നു തീരുമാനം. പക്ഷേ, ആദ്യ കൃഷിയ്ക്കു തന്നെ വെള്ളം കിട്ടാത്തതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.