നഗരസഭയില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ഉപവാസ സമരം

ചാലക്കുടി നഗരസഭയില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ഉപവാസ സമരം. മൂന്നു വര്‍ഷമായി ഏറ്റെടുത്ത റോഡു നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. 

 റോഡു നിര്‍മാണം പൂര്‍ത്തിയാക്കുക, കുടിവെള്ള വിതരണത്തിന് ധനസഹായം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപവാസം. ചാലക്കുടി നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിര്‍മാരാണ് ഏകദിന ഉപവാസം നടത്തിയത്. നഗരസഭാ പദ്ധതി പ്രകാരം കുടിവെള്ള കണക്ഷന്‍ എടുത്ത 52 നിര്‍ധന കുടുംബങ്ങള്‍ക്ക് ധനസഹായം ഇനിയും നല്‍കിയിട്ടില്ല. പടിഞ്ഞാറേ ചാലക്കുടിയിലും വി.ആര്‍.പുരത്തുമാണ് റോഡുകള്‍ തകര്‍ന്ന് കിടക്കുന്നത്. കരാറുകാര്‍ പിന്‍മാറിയതാണ് കാരണം. നേരത്തെ നടത്തിയ റോഡു നിര്‍മാണത്തിന്റെ കുടിശിക കരാറുകാര്‍ക്കു നല്‍കാത്തതാണ് പ്രശ്നമെന്ന് പ്രതിപക്ഷം ആരോപിച്ചു. 

ഈ വര്‍ഷം അംഗീകരിച്ച നിര്‍മാണ ജോലികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറല്ല. ഓരോ വര്‍ഷവും നഗരസഭയ്ക്കു കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.