നഗരസഭയിലെ നേതൃമാറ്റം തർക്കത്തില്‍: രാജിവയ്ക്കില്ലെന്ന് നഗരസഭാ അധ്യക്ഷ

കളമശേരി നഗരസഭയില്‍ നേതൃമാറ്റത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി. കെ.പി.സി.സി. പ്രസിഡന്റ് ആവശ്യപ്പെടാതെ സ്ഥാനം രാജിവയ്ക്കില്ലെന്ന് നഗരസഭാധ്യക്ഷ ജെസി പീറ്റര്‍ മനോരമ ന്യൂസിനോടു പറ‍ഞ്ഞു. അധുകാരത്തിലേറി രണ്ടരവര്‍ഷത്തിനുശേഷം അധികാരം കൈമാറാമെന്ന ധാരണ ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

കളമശേരി നഗരസഭാധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ജെസി പീറ്റര്‍. കളമശേരി നഗരസഭയിലെ വിഷയങ്ങള്‍ കെപിസിസി പ്രസിഡന്റിനെ നേരില്‍ കണ്ട് അറിയിച്ചിട്ടുണ്ടെന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജെസി പീറ്റര്‍ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് ആവശ്യപ്പെടാതെ രാജിവയ്ക്കാന്‍ ജെസി പീറ്റര്‍ തയാറല്ല.

രണ്ടരവര്‍ഷത്തിനുശേഷം സ്ഥാനമൊഴിയാമെന്ന കരാര്‍ ഇല്ലെന്ന് ജെസി പീറ്റര്‍ പറയുന്നു. അങ്ങനെ കരാര്‍ ഉണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ അവര്‍ എതിര്‍പക്ഷത്തെ വെല്ലുവിളിക്കുന്നു. അനുനയ നീക്കങ്ങള്‍ വിജയിച്ചില്ലെങ്കില്‍ ജെസിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ആലോചിക്കുന്നതായാണ് സൂചനകള്‍