അമിത ജോലിഭാരം ഒഴിവാക്കണം; ആവശ്യവുമായി ഫൊറൻസിക് സർജൻമാർ

സ്വാഭാവിക മരണങ്ങളില്‍ പോലും പോസ്റ്റ്മോര്‍ട്ടം ശുപാര്‍ശ ചെയ്യുന്നതില്‍ തൃശൂരിലെ ഫൊറന്‍സിക് സര്‍ജന്‍മാര്‍ക്ക് എതിര്‍പ്പ്. അമിതജോലി ഭാരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫൊറന്‍സിക് സര്‍ജന്‍മാരുടെ സംഘടന ആരോഗ്യമന്ത്രിയ്ക്കു പരാതി നല്‍കും. 

പകര്‍ച്ചവ്യാധിമൂലം മരിച്ചവരുടെ രോഗനിര്‍ണയത്തിന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ക്കുന്നത് പതിവായി. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നു. പത്തോളജിസിന്റെ സഹായത്തോെട വിദഗ്ധ പരിശോധന നടത്തി മരണകാരണം കണ്ടെത്താന്‍ കഴിയുമെന്നിരിക്കെ പോസ്റ്റ്മോര്‍ട്ടം ശുപാര്‍ശ ചെയ്തതാണ് പ്രതിഷേധത്തിന് കാരണം. ഇത്തരം രീതി അശാസ്ത്രീയമാണെന്ന് ഫൊറന്‍സിക് സര്‍ജന്‍മാര്‍ പറയുന്നു.

പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടത്തുന്നതു മൂലം ഡോക്ടര്‍മാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രോഗം വരാനുളള സാധ്യത കൂടുതലാണെന്ന് ഫൊറന്‍സിക് സര്‍ജന്‍മാര്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഫൊറന്‍സിക് സര്‍ജന്‍മാരുടെ സംഘടന കത്തുനല്‍കി. ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ ആരോഗ്യമന്ത്രിയെ നേരിട്ടു കണ്ട് പ്രതിഷേധം അറിയിക്കും.