ജനസമ്പർക പരിപാടിയിലൂടെ ലഭിച്ച ഭുമി ജിസിഡിഎ പതിച്ചു നൽകുന്നില്ല

ഭിന്നശേഷിക്കാരനായ കുടുംബനാഥന് ജനസമ്പര്‍ക്ക പരിപാടിയിലൂടെ അനുവദിച്ച ഒന്നരസെന്റ് സ്ഥലം ആറുവര്‍ഷം കഴിഞ്ഞിട്ടും ജി.സി.ഡി.എ പതിച്ചുനല്‍കുന്നില്ല. പലവട്ടം അപേക്ഷ നല്‍കിയിട്ടും അനൂകൂല നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ജി.സി.ഡി.എ. ഒാഫിസിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുകയാണ്  നിര്‍ധന കുടുംബം.    

ജനസമ്പര്‍ക്ക പരിപാടിയിലൂടെ ലഭിച്ച ഈ ഒന്നരസെന്റ് സ്ഥലത്താണ് രണ്ട് പെണ്‍കുട്ടികളുമായി ഭിന്നശേഷിക്കാരനായ സജീവും ഭാര്യയും താമസിക്കുന്നത്. ജി.സി.ഡി.എ ആവശ്യപ്പെട്ടപ്രകാരം സ്ഥലത്തിന് രണ്ടരലക്ഷത്തോളം രുപയും നല്‍കി. ലോട്ടറി വിറ്റും ഭാര്യ വീട്ടുജോലിചെയ്തും സമ്പാദിച്ച പണമാണ് സ്ഥലത്തിനായി കൈമാറിയത്. ആധാരം നല്‍കണമെന്നാവശ്യപ്പെട്ട് ആറുവര്‍ഷത്തോളം ജിസിഡിഎ ഓഫിസ് കയറിയിറങ്ങിയിട്ടും നടപടിയായിട്ടില്ല.

ഭൂമി അനുവദിക്കാന്‍ നിര്‍ദേശിച്ച് കലക്ടറുടെ ഉത്തരവ് ലഭിക്കാതെ ആധാരം നല്‍കാനാകില്ലെന്നാണ് ജിസിഡിഎയുടെ നിലപാട്. കലക്ടറുടെ എന്‍ഓസി ഇല്ലാതെ ഭൂമി കൈമാറരുതെന്ന് വിജിലന്‍സ് നിര്‍ദേശമുണ്ടെന്നും ജിസിഡിഎ വിശദീകരിക്കുന്നു.