സെന്റ് ജോര്‍ജും മാര്‍ബേസിലുമുള്ളപ്പോള്‍ വെല്ലാന്‍ കഴിയില്ല; കോതമംഗലം വീണ്ടും ചാംപ്യൻമാർ

എറണാകുളം ജില്ലാ സ്കൂള്‍ കായികമേളയില്‍ കോതമംഗലം ഉപജില്ല വീണ്ടും കിരീടത്തിലേക്ക്. എറണാകുളം ഉപജില്ലയാണ് രണ്ടാമത്. മഴമൂലം മല്‍സരങ്ങള്‍ ഒരുദിവസം കൂടി നീട്ടി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് കായികമേള സംഘടിപ്പിച്ചത്.

സെന്റ് ജോര്‍ജും മാര്‍ബേസിലുമുള്ളപ്പോള്‍ കോതമംഗലത്തെ വെല്ലാന്‍ എറണാകുളത്ത് മറ്റൊരുപജില്ലയില്ല .പക്ഷേ ചാംപ്യന്‍ സ്കൂള്‍ ആരെന്നറിയാന്‍ ഇനിയും കാത്തിരിക്കണം .189 പോയിന്റുകളുമായി സെന്റ് ജോര്‍ജ് മുന്നിലാണെങ്കിലും 184 പോയിന്റുമായി മാര്‍ബേസില്‍ തൊട്ടടുത്ത് തന്നെയുണ്ട് . അഞ്ചിനങ്ങളില്‍ കൂടി മല്‍സരങ്ങള്‍ പൂര്‍ത്തിയാകാനുണ്ട് . അമ്പത്തിരണ്ട് പോയിന്റുകളോടെ മണീട് ഗവണ്‍മെന്റ് സ്കൂളാണ് മൂന്നാംസ്ഥാനത്ത്.

പോൾവാൾട്ട് , ഡിസ്കസ് ത്രോ, ജാവലിൻ ത്രോ, ഹാമർത്രോ, ഉപ്പെടെ എന്നീ മല്‍സരങ്ങള്‍  മൂന്ന്  വ്യത്യസ്ത ഗ്രൗണ്ടുകളിലായാണ് നടന്നത്. മൂന്ന് ദിവസങ്ങളിൽ നടത്തേണ്ട മത്സരം ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചത്  കുട്ടികളെ വലച്ചു . ചെലവ് കുറച്ച് പരാമവധി കുറ്റമറ്റ രീതിയില്‍ മല്‍സരങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് സംഘാടകരുടെ ശ്രമം. ട്രാക്ക് ഇനങ്ങള്‍ എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ പൂര്‍ത്തിയായി . ത്രോ ഇനങ്ങള്‍ കോതമംഗലത്താണ് നടക്കുന്നത്. ത്രോ ഇനങ്ങളില്‍ അഞ്ച് ഫൈനലുകളാണ് ഇനി ബാക്കിയുള്ളത്.