മൂക്കിന്റെ സർജറി പാളി; അവസരങ്ങൾ നഷ്ടമായി; ചെലവ് 45 ലക്ഷം

മൂക്കിന്റെ ഭംഗി വർധിപ്പിക്കാനായി ചെയ്ത് കോസ്മറ്റിക് സർജറി ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമായെന്നു വെളിപ്പെടുത്തി ചൈനീസ് നടിയും ഗായികയുമായി ഗാവോ ലിയു. സമൂഹമാധ്യമത്തിലൂടെ മൂക്കിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് ഗാവോ തന്റെ അവസ്ഥ വ്യക്തമാക്കിയത്. 

ചൈനയിലെ യുവതാരങ്ങളിൽ ശ്രദ്ധേയയായ ഗാവോ ലിയു ഏറെ നാളായി പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും അപ്രത്യക്ഷയായിരുന്നു. ഇതിനു കാരണം താൻ ചെയ്ത ഒരു കോസ്മറ്റിക് സർജറിയാണെന്നാണു താരം തുറന്നു പറഞ്ഞത്. 

2020 ഒക്ടോബറിലാണ് സർജറി നടത്തിയത്. ഒരു സുഹൃത്തിന്റെ നിർദേശപ്രകാരമായിരുന്നു ഇത്. മൂക്കിന് ചെറിയൊരു രൂപമാറ്റം വരുത്താനാണ് തീരുമാനിച്ചത്. കരിയറിന്റെ വളർച്ചയ്ക്ക് ഇതു സഹായിക്കും എന്നു കരുതി. നാല് മണിക്കൂറായിരുന്നു സർജറി. എന്നാൽ ഇത് അവസാനിച്ചതു വളരെ മോശമായാണ് എന്നു താരം പറയുന്നു.

സർജറിക്കുശേഷം ഒരോ ദിവസം കഴിയും തോറും മൂക്കിന്റെ തുമ്പ് കറുക്കാൻ തുടങ്ങി. അണുബാധയും അസ്വസ്ഥതയും ഉണ്ടായി. ഇതേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 400000 യുവാൻ (ഏകദേശം 45 ലക്ഷം ഇന്ത്യൻ രൂപ) ചികിത്സയ്ക്കു ചെലവായി. പല സിനിമകളിലും അവസരം നഷ്ടപ്പെട്ടതായും അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഗാവോ ലിയു വ്യക്തമാക്കി.

ചൈനയില്‍ കോസ്മറ്റിക് സർജറികൾ വളരെ വ്യാപകമാണ്. എന്നാൽ മതിയായ പരിശീലനവും യോഗ്യതയും ഇല്ലാത്തവരും ക്ലിനിക് ആരംഭിച്ച് സര്‍ജറികൾ ചെയ്യുന്നതായും ഇത് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി ആക്ഷേപം നിലനിൽക്കുന്നുണ്ട്.