തലയുയർത്തി കേരളം; അഭിമാനമായി ആൻസി; ഇത് പെൺകരുത്ത്

ഓവറോൾ കിരീട നേട്ടത്തോടൊപ്പം ആൻസി സോജൻ കേരളത്തിന്റെ അഭിമാനമായി. മൽസരിച്ച നാലിനങ്ങളിലും സ്വർണം നേടിയ നാട്ടിക ഫിഷറീസ് ജി.എച്ച്.എസ്.എസിലെ ആൻസിയാണ് മീറ്റിലെ താരം. മീറ്റിലെ ഏറ്റവും വേഗമേറിയ പെൺ താരമായ ആൻസി ലോങ്ങ് ജംപിൽ 18 വർഷം പഴക്കമുള്ള റെക്കോർഡും തകർത്തിരുന്നു.

ആൻസി സോജൻ. ഇന്ത്യയുടെ അഭിമാനം രാജ്യാന്തര അത്‌ലറ്റിക്സിൽ ഉയർത്താൻ കേരളം സംഭാവന ചെയ്യുന്ന പുതിയ താരം. അസാധാരണമായ പോരാട്ട വീര്യം. ട്രാക്കിലും ഫീൽഡിലും തീപിടിപ്പിക്കുന്ന വേഗത. ഇത് രണ്ടും ചേർന്നാൽ ആൻസിയായി. 200 മീറ്ററിൽ സാഫ് ഗെയിംസ് മെഡലിസ്റ്റ് കർണാടകയുടെ പ്രിയ മോഹനെ പിന്തള്ളിയുള്ള കുതിപ്പ് മാത്രം മതി അത് മനസ്സിലാക്കാൻ. 4 സ്വർണത്തിൽ ഏറ്റവും പ്രിയം 200 മീറ്ററിലേതിനോടാണ് എന്ന് ആൻസി പറയുന്നതും അതുകൊണ്ടാണ്.

100 മീറ്ററിൽ തുടക്കം പിഴച്ചപ്പോൾ അവസാന 50 മീറ്ററിൽ നടത്തിയ കുത്തിപ്പിലും ഉണ്ട് പോരാട്ട വീര്യം. ലോങ് ജംപിൽ 18 വർഷത്തെ മീറ്റ് റെക്കോർഡ് വലിയ വ്യത്യാസത്തിൽ ആണ് മറികടന്നത്. 100 മീറ്റർ റിലേയിൽ ആദ്യ മൂന്നു ലാപിൽ ഉണ്ടായിരുന്ന കടുത്ത മത്സരത്തെ  അവസാന ലാപ്പിലെ ആൻസിയുടെ കുതിപ്പിൽ ആണ് കേരളം മറികടന്നത്. നാട്ടിക ഫിഷരീസ് ഗവൺമെന്റ് ഹയസെക്കൻഡറി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥി ആണ് ആൻസി. അച്ഛൻ സോജനും, പരിശീലകൻ കണ്ണനും ഓട്ടോ ഡ്രൈവർമാർ ആണ്. ഓരോ മീറ്റിലും ഒപ്പം സഞ്ചരിച്ച് ഇവർ നൽകുന്ന നിർദേശങ്ങളും പ്രചോദനവും തന്നെയാണ് ആൻസിയുടെ ഏറ്റവും വലിയ കരുത്ത്. 

സ്കൂൾ മീറ്റിൽ നിന്നും ആൻസി പടിയിറങ്ങുന്നത് ലോകം അറിയുന്ന ഏറ്റവും മികച്ച അത്‌ലറ്റ് ആവുക എന്ന സ്വപ്നവുമായാണ്.