മതിയായ സൗകര്യങ്ങളില്ല; ആശങ്കയും വിമർശനവും നിറഞ്ഞ് കായിക മാമാങ്കം

സംസ്ഥാന സ്കൂള്‍ കായികമേളയുടെ നടത്തിപ്പിന് മതിയായ സൗകര്യങ്ങളില്ലെന്ന് ആക്ഷേപം. മേള നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പിലെ സിന്തറ്റിക് സ്റ്റേഡിയത്തിന്റെ വലിപ്പക്കുറവാണ് പ്രധാന പരിമിതിയായി ചൂണ്ടിക്കാണിക്കുന്നത്. മത്സരാര്‍ഥികള്‍ക്കെന്നപോലെ, കാണികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിമര്‍ശനം.

സര്‍വകലാശാല ,ജില്ലാ കയികമേളകള്‍ക്കുമാത്രമാണ് മാങ്ങാട്ടുപറമ്പിലെ ഈ സിന്തറ്റിക് ട്രാക്ക് ഇതുവരെ വേദിയായിട്ടുള്ളത്. ട്രാക്കും, ഫീല്‍ഡും മികച്ചതാണെന്ന് സമ്മതിക്കുമ്പോഴും സംസ്ഥാന സ്കൂള്‍ കായികമേള പോലെ വലിയൊരു കായിക മാമാങ്കത്തിനുള്ള സൗകര്യം ഇവിടെയില്ലെന്നാണ് ഒരു വിഭാഗം കായിക അധ്യാപകരുടെ ആക്ഷേപം. കാണികള്‍ക്കുള്ള അസൗകര്യം പരിഹരിക്കുന്നതിന് ആയിരം പേര്‍ക്ക് ഇരിക്കാവുന്ന താല്‍ക്കാലിക ഗാലറി കൂടി ഒരുക്കുമെന്നാണ് സംഘടകസമിതിയുടെ നിലപാട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിനുള്ള സൗകര്യം സ്റ്റേഡിയത്തില്‍ ഇല്ല.

ഫില്‍ഡിന്റെ വലിപ്പക്കുറവ് കാരണം ഹാമര്‍ ഉള്‍പ്പെടെയുള്ള ത്രോ മത്സരങ്ങള്‍ക്ക് മതിയായ സുരക്ഷയുറപ്പാക്കാന്‍ സാധിക്കുമൊയെന്നു ആശങ്കയുണ്ട്. സുരക്ഷ ഉറപ്പാക്കി ഓരോ മത്സരങ്ങള്‍ വീതം നടത്താനുള്ള സംഘാടകസമതിയുടെ തീരുമാനവും വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുന്നു.