കെഎസ്ഇബി കെട്ടിടങ്ങളിൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ഇടുക്കി ജില്ലയില്‍  കാടുകയറി നശിക്കുന്ന  കെ.എസ്.ഇ.ബിയുടെ  കെട്ടിടങ്ങളില്‍ ദുരിതബാധിതര്‍ക്ക് താല്‍ക്കാലിക പുനരധിവാസമൊരുക്കണമെന്ന് ആവശ്യം. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍  ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് തിരികെ പോകാനിടമില്ലാതെ വലയുകയാണ്.  മൂന്നോറോളം  സര്‍ക്കാര്‍  കെട്ടിടങ്ങളാണ് ജില്ലയില്‍  ഉപയോഗിക്കാതെ കിടക്കുന്നത്.

ക്യാമ്പുകള്‍ പിരിച്ച് വിട്ടതോടെ പോകാനിടമില്ലാതെ ബന്ധുവീടുകളിലും മറ്റുമായി അഭയം തേടിയിരിക്കുന്ന നൂറ്കണക്കിന് കുടുംബങ്ങളാണ് ജില്ലയിലെ  വിവിധ മേഖലകളിലുള്ളത്. എല്ലാം നഷ്ടപ്പെട്ട ഇവരുടെ പുനരധിവാസവും എങ്ങുമെത്തിയിട്ടില്ല. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക്  നവീകരിച്ച ശേഷം ഇത്തരം കെട്ടിടങ്ങളില്‍  താല്‍ക്കാലികമായി താമസ സൗകര്യം ഒരുക്കിയാല്‍ ഒരുപാടുപേര്‍ക്ക്  ആശ്വാസമാകും. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെ.എസ് ഇ.ബിയുടെ കെട്ടിടങ്ങള്‍ സംരക്ഷിക്കുവാനും കഴിയും.

1950ലാണ്  പന്നിയാര്‍, ചെങ്കുളം പവ്വര്‍ ഹൗസുകളുടെ നിര്‍മാണത്തോട്  അനുബന്ധിച്ച് ജീവനക്കാര്‍ക്ക് താമസിക്കുന്നതിന് വേണ്ടി വെള്ളത്തുവല്‍ മേഖലയില്‍ മുന്നൂറോളം കെട്ടിടങ്ങള്‍  പണികഴിപ്പിച്ചത്. 1954ല്‍  ചെങ്കുളം പവ്വര്‍ ഹൗസ് കമ്മീഷന്‍ ചെയ്തു. ഇതിന് ശേഷം ആളൊഴിഞ്ഞ് അനാഥമായ കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിന് യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. നിലവില്‍ 50 കെട്ടിടങ്ങളില്‍ മാത്രമാണ് ജീവനക്കാര്‍ താമസിക്കുന്നത്. ബാക്കിയുള്ളവ ഇങ്ങനെ  കാടുകയറി  സാമൂഹ്യ വിരുദ്ധരുടെ  താവളമായി മാറി. ഇൗ കെട്ടിടങ്ങളൊ ഭൂമിയൊ ഉപയോഗിച്ച് ജനങ്ങളെ സുരക്ഷിതമാക്കി  താമസിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു