ചാലക്കുടി മാര്‍ക്കറ്റില്‍ പ്രളയം തകര്‍ത്തത് മുന്നൂറു കോടിയുടെ സാധനങ്ങൾ

ചാലക്കുടി മാര്‍ക്കറ്റില്‍ പ്രളയം തകര്‍ത്തത് മുന്നൂറു കോടിയുടെ സാധനങ്ങള്‍. ചാലക്കുടി പുഴയോരത്തുള്ള എഴുന്നൂറോളം കടകളിലാണ് വെള്ളം കയറി നശിച്ചത്.  ചാലക്കുടിയിലെ വ്യാപാരി സംഘടനകള്‍ നഷ്ടത്തിന്റെ കണക്കെടുത്തപ്പോള്‍ ഞെട്ടി. ഏകദേശം മുന്നൂറു കോടി രൂപയാണ് വ്യാപാരികള്‍ക്ക് നഷ്ടപ്പെട്ടത്. ചാലക്കുടി മാര്‍ക്കറ്റില്‍ മാത്രം 60 കടകളില്‍ നിന്നുള്ള നഷ്ടം വലുതാണ്. ഈ തുകയത്രയും തിരിച്ചുപിടിക്കാന്‍ കാലങ്ങളെടുക്കും. ഒട്ടുമിക്ക വ്യാപാരികള്‍ക്കും പ്രളയം പോലുള്ള ദുരന്തങ്ങള്‍ക്ക് ഇന്‍ഷൂറന്‍സില്ല. ഇതു തിരിച്ചടിയായി.

വ്യാപാരികളെ സഹായിക്കാന്‍ മൂന്നു മാസത്തെ കെട്ടിട വാടക ചാലക്കുടി നഗരസഭ ഒഴിവാക്കി കൊടുത്തു. ചാലക്കുടി മാര്‍ക്കറ്റിന്റെ പുനരധിവാസം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് നഗരസഭയുടെ നീക്കം.

അരി ഗോഡൗണുകള്‍, പലചരക്കു കടകള്‍, പച്ചക്കറി കടകള്‍ തുടങ്ങി നിരവധി വ്യാപാര കേന്ദ്രങ്ങളാണ് പ്രളയം തുടച്ചുനീക്കിയത്. വായ്പയെടുത്ത് തുടങ്ങിയ വ്യാപാര സംരംഭങ്ങള്‍ അടച്ചുപൂട്ടാതിരിക്കാന്‍ നെട്ടോട്ടമോടുകയാണ് വ്യാപാരികള്‍.