ദുരിതമൊഴിയാതെ കോട്ടയം; കുടിവെള്ള സ്രോതസ്സുകളില്‍ രാസവസ്തുക്കള്‍ കലരുന്നു

വെള്ളപ്പൊക്കത്തിന് പിന്നാലെ കോട്ടയം നട്ടാശേരിയിലെ കുടിവെള്ള സ്രോതസ്സുകളില്‍ രാസവസ്തുക്കള്‍ കലര്‍ന്ന് വിഷമയമാകുന്നു. പ്രദേശത്തെ യൂറിയ സംഭരണ ഗോഡൗണ്‍ വെള്ളത്തില്‍ മുങ്ങിയതോടെയാണ് രാസവസ്തുക്കൾ കുടിവെള്ളസ്രോതസുകളില്‍ നിറഞ്ഞത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ നിന്ന് യൂറിയ നിറച്ച ചാക്കുകള്‍ നീക്കണമെന്നാവശ്യപ്പെട്ടിട്ടും നടപടിയില്ല. 

മഴ തോര്‍ന്ന് വെള്ളക്കെട്ടിന് പരിഹാരമായെങ്കിലും നട്ടാശേരികാര്‍ക്ക് ശുദ്ധജലം കുടിക്കാന്‍ യോഗമില്ല. പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന യൂറിയ ഗോഡൗണാണ് വില്ലനായത്. യൂറിയ നിറച്ച ആയിരത്തിലേറെ ചാക്കുകള്‍ നിറഞ്ഞ ഗോഡൗണ്‍ പകുതിയിലേറെ വെള്ളപ്പൊക്കത്തില്‍ മുങ്ങി. ചാക്കുകള്‍ പൊട്ടി  വെള്ളത്തില്‍ കലര്‍ന്ന യൂറിയ പിന്നീട് ഭൂമിയിലും ലയിച്ചു.  ആദ്യദിനങ്ങളില്‍ വെള്ളത്തില്‍ ഇറങ്ങിയവര്‍ക്ക് ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ടു. വെള്ളം ഇറങ്ങിയതിന് പിന്നാലെ പ്രദേശത്തെ കിണറുകളിലും യൂറിയ കലര്‍ന്നു. 

ഗോഡൗണിനോട് ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ പോലും കരിഞ്ഞുണങ്ങി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തഹസില്‍ദാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലതെത്തി പരിശോധന നടത്തി. യൂറിയ നീക്കണമെന്ന് ഉടമയോട് ആവശ്യപ്പെട്ടെങ്കിലും ഫലംകണ്ടില്ല. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് സ്ഥലത്ത് പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും വ്യക്തമാക്കി. അനധികൃത ഗോഡൗണിന്‍റെ ഉടമയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം.