തവളകള്‍ക്ക് ആവാസകേന്ദ്രമൊരുക്കി ഒരു മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍‌

ഭക്ഷ്യശൃംഖലയിലെ പ്രധാന കണ്ണികളിലൊന്നായ തവളകള്‍ക്ക് ആവസകേന്ദ്രമൊരുക്കി ശ്രദ്ധേയനാവുകയാണ് ഒരു മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍. ഇടുക്കി അടിമാലിയിലെ സ്വന്തം പുരയിടത്തില്‍ തവളകളെ സംരക്ഷിക്കാന്‍ നിര്‍മിച്ചത് ഏഴുകുളങ്ങള്‍. പ്രകൃതിയുടെ നിലനില്‍പ്പ് ചെറുജീവികളുടെ കൈകളില്‍ക്കൂടിയാണെന്ന വലിയ സന്ദേശമാണ് ഈ തവള സ്നേഹിയായ പ്രകൃതി സ്നേഹി പങ്കുവെയ്ക്കുന്നത്.

പണ്ട് പാടത്തും പറമ്പിലും നിറഞ്ഞു നിന്നിരുന്ന തവളക്കൂട്ടങ്ങളുടെ കരച്ചില്‍ പലയിടത്തും അന്യമായി. പ്രകൃതിയുടെ നിലനില്‍പ്പ് തന്നെയാണ്   ഇല്ലാതാകുന്നതെന്ന  തിരിച്ചറിവിലാണ് അടിമാലിയ്ക്കടുത്തുള്ള സ്വന്തം പുരയിടം  ഭൂമിയുടെ അവകാശികള്‍ക്ക് വിട്ടുനല്‍കാന്‍  ബുള്‍ബേന്ദ്രനൊരുങ്ങിയത്. കെഎസ്ആര്‍ടിസി ജീവനക്കാരനായിരുന്ന ഇ‍ദ്ദേഹം ജോലി ഉപേക്ഷിച്ചാണ് പരിസ്ഥിതി സംരക്ഷണത്തിനിറങ്ങിയത്.  തവളകള്‍ക്ക് വേണ്ടി പറമ്പില്‍ തീര്‍ത്തത് ഏഴ്  കുളങ്ങള്‍. അതില്‍ ആലപ്പുഴയില്‍ നിന്നെത്തിച്ച കുളവാഴവളര്‍ത്തി. പൊന്‍മുടിയില്‍ നിന്ന് വരെ തവളകളെ കൊണ്ടുവന്ന്  പറമ്പിലേയ്ക്ക് ഇറക്കിവിട്ടു. എന്തിനാണ് തവളയ്ക്കൊരിടം എന്ന ചോദ്യത്തിന് പച്ചയായ ഉത്തരവുമുണ്ട് 

ഇടുക്കി ജില്ലയില്‍  27 തരം തവളകളെ കണ്ടെത്തി അവയെപ്പറ്റി പഠിച്ചിട്ടാണ്  പതിനഞ്ച് വര്‍ഷം മുമ്പ് തവളയിടങ്ങള്‍ സ്രഷ്ട്ടിക്കാന്‍ തുടങ്ങിയത്.  പറമ്പില്‍  പച്ചത്തുരുത്തുകളും ഒരുക്കി. ഇവയ്ക്ക് ആഹാരമാക്കാനുള്ള ചെറുമീനുകളും  കുളത്തിലുണ്ട്, തവളകളെ ആഹാരമാക്കാന്‍ പാമ്പുകളും എത്താറുണ്ട്. പരിസ്ഥിതി ഗവേഷക വിദ്യാര്‍ഥികളുടെയും ഇഷ്ടകേന്ദ്രമാണിത്.  മനുഷ്യന്റെ വികൃതിയില്‍  വികൃതമാകാത്ത ഇടങ്ങള്‍ പ്രകൃതിയിലൊരുക്കി ജീവജാലങ്ങള്‍ക്ക് കൈത്താങ്ങാകുവാന്‍ ഒാര്‍മപ്പെടുത്തുകയാണ് ബുള്‍ബേന്ദ്രന്‍.