സ്മാര്‍ട്ട്ഫോണുള്ള പ്രായമായവരെ സ്മാര്‍ട്ടാകാന്‍ കൊച്ചിയില്‍ ക്യാംപ്

സ്മാര്‍ട്ട്ഫോണുള്ള പ്രായമായവരെ സ്മാര്‍ട്ടാകാന്‍ കൊച്ചിയില്‍ പരിശീലന ക്യാംപ്.  സ്മാര്‍ട്ട് സീനിയേഴ്സ് എന്ന പേരില്‍ സംഘടിപ്പിച്ച ക്യാംപില്‍ അമ്പതിലേറെ പേർ പങ്കെടുത്തു. കയ്യില്‍ സ്മാര്‍ട്ട് ഫോണുണ്ട്. പക്ഷേ വിളിക്കാനും കോള്‍ എടുക്കാനുമല്ലാതെ മറ്റൊന്നും അറിയില്ല. ഫോണ്‍ വാങ്ങി നല്‍കിയ മക്കളും കൊച്ചുമക്കളും കൊടുത്ത മുന്നറിയിപ്പ് തന്നെ പലര്‍ക്കും വേദവാക്യം. ഉപയോഗിച്ച് നശിപ്പിക്കരുത്.  പൊതിയാതേങ്ങ പോലെ കൊണ്ടുനടക്കുന്ന സ്മാര്‍ട്ട് ഫോണിന്റെ സാധ്യതകള്‍ പരിചയപ്പെടുത്താന്‍ കൊച്ചുമക്കളുടെ പ്രായമുള്ളവര്‍ ഇറങ്ങിയതോടെ മുതിര്‍ന്നവര്‍ പലരും അനുസരണയുള്ള കുട്ടികളായി . സ്മാര്‍ട്ട് ഫോണിന്റെ ഹരിശ്രീ അറിയാത്തവരെ എല്‍കെജിയിലും  കുറച്ചൊക്കെ വിവരമുള്ളവരെ യുകെജിയിലുമിരുത്തിയായിരുന്നു പരിശീലനം . പഠിച്ചത് പറയാന്‍ പലരും മടിച്ചപ്പോള്‍ എല്ലാവര്‍ക്കും വേണ്ടി മേരി തോമസ് മനസുതുറന്നു. 

ക്യാംപ് വന്‍വിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് സംഘാടകരും. ഫെയ്സ്ബുക്കിലും വാട്ട്്സ് ആപ്പിലും അക്കൗണ്ടും തുറന്ന് ഒപ്പമുണ്ടായിരുന്നവര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റുമയച്ച്  സ്വന്തംഫോണില്‍ നിന്ന് ബുക്ക് ചെയ്ത യൂബറില്‍ കയറിയാണ് മിക്കവരും വീടണഞ്ഞത്.