വാട്ടർ മെട്രോ; ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് കെഎംആർഎൽ

കൊച്ചി മെട്രോയുടെ ഭാഗമായ വാട്ടർ മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ടുയർന്ന ആശയക്കുഴപ്പങ്ങൾ പരിഹരിച്ചെന്ന് കെഎംആർഎൽ. വായ്പ നൽകുന്ന ജർമൻ ഏജൻസി പ്രതിനിധികൾ അടുത്തയാഴ്ച കൊച്ചിയിലെത്തുന്നതോടെ പദ്ധതിക്കുളള സാമ്പത്തിക സഹായത്തിൻറെ കാര്യത്തിൽ സമവായമുണ്ടാകുമെന്നും കെഎംആർഎൽ എംഡി എ.പി.എം.മുഹമ്മദ് ഹനീഷ് അറിയിച്ചു.  പദ്ധതിയിലെ പ്രശ്നങ്ങളെപ്പറ്റിയുള്ള മനോരമ ന്യൂസ് റിപ്പോർട്ടിനെത്തുടര്‍ന്നാണ്  എംഡിയുടെ പ്രതികരണം. 

ജനറൽ മാനേജരുടെ രാജിയടക്കം വാട്ടർ മെട്രോയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പദ്ധതിയുടെ മെല്ലപ്പോക്കും കഴിഞ്ഞയാഴ്ചയാണ് മനോരമ ന്യൂസ് പുറത്തു കൊണ്ടുവന്നത്. ഇതിനു പിന്നാലെ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച ചേർത്ത ശേഷമാണ് പ്രശ്നങ്ങൾ പരിഹരിച്ചെന്ന കെഎംആർഎൽ എംഡിയുടെ അറിയിപ്പ്.

കാക്കനാട്ടേക്കുളള െമട്രോ വിപുലീകരണവുമായി  ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി അനൗപചാരിക ചർച്ചകൾ നടത്തിയെന്നും എംഡി പറഞ്ഞു. തൈക്കൂടത്തിനും പേട്ടയ്ക്കുമിടയിലെ ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ പരിഹരിച്ചെന്നും  കെഎംആർഎല്‍ ദൈനംദിന പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിരുന്ന 200 കോടി രൂപയും ലഭിച്ചെന്നും മുഹമ്മദ് ഹനീഷ് അറിയിച്ചു. രാജ്യാന്തര നിലവാരത്തിൽ സജ്ജമാക്കിയ കെഎംആർഎലിൻറെ പുതിയ വെബ്്സൈറ്റിൻറെ പ്രവർത്തനോദ്ഘാടന ചടങ്ങിനു ശേഷമായിരുന്നു വിവാദ വിഷയങ്ങളിലെ എംഡിയുടെ പ്രതികരണം.