നിർമാണ മാലിന്യം പുനരുപയോഗിക്കാൻ 'സർക്കുലർ ഇക്കോണമി'; പദ്ധതിയുമായി കൊച്ചി മെട്രോ

നിര്‍മാണ മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ സര്‍ക്കുലര്‍ ഇക്കോണമി പദ്ധതിയുമായി കൊച്ചി മെട്രോ. പുനരുപയോഗിക്കാന്‍ കഴിയുന്ന മാലിന്യങ്ങള്‍ വിവിധതരത്തില്‍ ഉപയോഗിക്കുകയാണ് ലക്ഷ്യം. മാലിന്യത്തിന്റെ അളവും, നിര്‍മാണച്ചെലവും കുറയ്ക്കാനാകുമെന്നാണ് കെ.എം.ആര്‍.എല്ലിന്റെ പ്രതീക്ഷ. 

മെട്രോയ്ക്കൊപ്പം പുനര്‍നിര്‍മിച്ച ചമ്പക്കര പാലത്തിന്റെ അടിയില്‍ കൂടിക്കിടക്കുന്ന മണ്ണും കനാലില്‍ താഴ്ത്തിയിരുന്ന ഇരുമ്പുപാളികളുമെല്ലാം കെ.എം.ആര്‍.എല്‍ നീക്കം ചെയ്യുകയാണ്. ഇത്തരത്തില്‍ നീക്കുന്ന മണ്ണും, മെട്രോ നിര്‍മാണത്തിനായി പൊളിച്ചുനീക്കിയ കെട്ടിടാവശിഷ്ടങ്ങളും വാട്ടര്‍ മെട്രോ സ്റ്റേഷനുകളുടെ തറയൊരുക്കാന്‍ ഉപയോഗിക്കും. വെള്ളം ശുദ്ധീകരിച്ച് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. 

ഓയില്‍ പോലുള്ള വസ്തുക്കള്‍ അത് കൈകാര്യം ചെയ്യുന്ന ഏജന്‍സികളെ ഏല്‍പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിമന്റിന്റെ ഉപയോഗം പരമാവധി കുറച്ച് സ്റ്റീല്‍ നിര്‍മിതികള്‍ വ്യാപകമാക്കാനാണ് ആലോചിക്കുന്നതെന്നും കെ.എം.ആര്‍.എല്‍ എം.ഡി പറഞ്ഞു. പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ പ്രത്യേക ഗോഡൗണിലേക്ക് മാറ്റും. തുടര്‍ന്ന് ആവശ്യമുള്ള സ്ഥലത്തേക്ക് എത്തിക്കാനാണ് തീരുമാനം.