സപ്ലൈകോയും മില്ലുകാരും ഒത്തുകളിക്കുന്നെന്ന് ആരോപണം

തൃശൂര്‍ മാള പുത്തന്‍ചിറയില്‍ നാല്‍പത്തിയഞ്ചു ടണ്‍ നെല്ല് ഏറ്റെടുക്കാതെ സപ്ലൈകോയുടെ ഒളിച്ചുകളി. സപ്ലൈകോ അധികൃതരും സ്വകാര്യ മില്ലുകാരും ഒത്തുകളിക്കുന്നതാണ് നെല്ലുസംഭരണം വൈകുന്നതിന് കാരണമെന്ന് കര്‍ഷകര്‍ ആരോപിച്ചു. മുണ്ടകൻ കൃഷി ചെയ്തു, കൊയ്ത്തും കഴിഞ്ഞു, നെല്ല് ചാക്കിൽ കെട്ടിവെച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടു. സർക്കാർ ഉറപ്പുകളെ വിശ്വസിച്ച് ആണിതെല്ലാം ചെയ്തത്. 100 ഏക്കര്‍ പാടശേഖരത്തിൽ ഇക്കുറി 96 ഏക്കറിലും കൃഷിയിറക്കി. 45 ടണ്ണിലധികം നെല്ലും ലഭിച്ചു. ഭൂരിഭാഗം കർഷകരും പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. കൂടാതെ വായ്പയെടുത്തും. സംഭരണം വൈകി നെല്ല് നശിക്കുന്ന സാഹചര്യത്തിൽ കര്‍ഷകര്‍ക്ക് ആത്മഹത്യയല്ലാതെ വേറെ വഴിയില്ല. 

സപ്ലെയ്കോക്ക് നെല്ല് നൽകാനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്നിട്ടും വിരലിലെണ്ണാവുന്ന കർഷകരിൽ നിന്ന് മാത്രമാണ് നെല്ല് പരിശോധനക്കെടുത്തത്. കൂടാതെ നെല്ലിൽ ഈർപ്പം കൂടുതലാണെന്ന് കാണിച്ച് വില കുറക്കാനുള്ള പതിവ് തന്ത്രമാണ് പയറ്റുന്നത്. സപ്ലൈകോ നിർദേശിച്ചിട്ടുള്ള ഏജൻസിയാണ് ഈതട്ടിപ്പിന് പിന്നില്‍. വിലകുറച്ച് തന്നാൽ നെല്ലെടുക്കാമെന്ന വാഗ്ദാനവുമായി സ്വകാര്യ മില്ലുകാരുടെ ഇടനിലക്കാരും കര്‍ഷകരെ വട്ടമിട്ടിട്ടുണ്ട്.