മമ്മൂട്ടിയെ കാണാന്‍ കാടിറങ്ങി ഇടുക്കിയിലെ ആദിവാസികൾ

ഇഷ്ടതാരം മമ്മൂട്ടിയെ കാണാന്‍ കാടിറങ്ങി ഇടുക്കി കുണ്ടളക്കുടി കോളനിയിലെ ആദിവാസികള്‍. കൈനിറയെ സമ്മാനങ്ങളുമായാണ് മെഗാസ്റ്റാർ കോളനിക്കാരെ സ്വീകരിച്ചത്. ഒപ്പം സംസ്ഥാനത്തെ ആദിവാസിഊരുകളില്‍ കാര്‍ഷികോപകരണങ്ങളെത്തിക്കുമെന്നും മമ്മൂട്ടി പ്രഖ്യാപിച്ചു 

വെള്ളിത്തിരയില്‍ കണ്ട നായകനെ അടുത്തുകാണാനാണ് കുണ്ടളക്കുടിയിലെ കാണി മൂപ്പൻ എ.കെ.ചിന്നസ്വാമിയും പത്തംഗ സംഘവും കാടിറങ്ങിയെത്തിയത്. കുടികളിൽ താരമെത്തിച്ച എത്തിച്ച സഹായങ്ങൾക്ക് നന്ദി പറയാനുമുണ്ടായിരുന്നു..തന്നെ കാണാനെത്തിയവരോട് വിശേഷങ്ങള്‍ പങ്കുവച്ച മെഗാസ്റ്റാര്‍ ഇടമലകുടിയിൽ വീഡിയോ കോൺഫ്രൻസിലൂടെ ചികിത്സ നടത്തുന്നതിനു വേണ്ട സൗകര്യമൊരുക്കുമെന്നും ഉറപ്പു നല്‍കി. കുടിയിലുള്ളവർ ചെറിയ രോഗങ്ങൾക്കു പോലും 30 കിലോമീറ്ററോളം സഞ്ചരിച്ച് മൂന്നാറിലെത്തിയാണ് ചികിത്സ തേടുന്നത്. മരുന്നു നൽകാൻ പ്രത്യേക പരിശീലനം ലഭിച്ച കുടിക്കാരുടെ സഹായവും ഇവിടെ ലഭ്യമാക്കും. കുടിയിൽ നിന്നെത്തിയവർക്ക് പണി ആയുധങ്ങളും സമ്മാനമായി നല്‍കി. ആദ്യ ഘട്ടമായി 25 പേർക്കുള്ള പണി ആയുധങ്ങളാണ് നൽകിയത്. കൂടുതൽ ആയുധങ്ങൾ അടുത്ത ആഴ്ച കുടികളിൽ എത്തിക്കും. മമ്മൂട്ടിക്കായി കാട്ടില്‍ നിന്ന് കൊണ്ടുവന്ന കാർഷിക വിഭവങ്ങളും കോളനിക്കാര്‍ നല്‍കി. ഗുണനിലവാരമുള്ള മലക്കറികളുടെ വിത്ത് നൽകണമെന്നായിരുന്നു താരത്തിന്റെ ആവശ്യം. കുടിയിലെ കൃഷി രീതികളും ചോദിച്ച് മനസ്സിലാക്കി. കെയർ ആന്റ് ഷെയർ ചെയർമാൻ മുരളീധരൻ.എസ്എഫ്സി, മാനേജിംങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ,തുടങ്ങിയവരോടൊപ്പം ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുന്നതിനായി എട്ടുവർഷം മുമ്പു മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ.