പരാതിക്കെട്ടഴിച്ച് ആദിവാസികൾ; വികസനം ഉറപ്പാക്കുമെന്ന് എ.ഡി.ജി.പി സന്ധ്യ

മാവോയിസ്റ്റുകളെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം മുണ്ടേരി അപ്പന്‍കാപ്പ ആദിവാസി കോളനിയിലെത്തിയ എ.ഡി.ജി.പി ബി. സന്ധ്യക്കു മുന്നില്‍ പരാതിക്കെട്ടഴിച്ച് കോളനിക്കാര്‍. മേഖലയില്‍ ആദിവാസി കുടുംബങ്ങള്‍ നേരിടുന്ന പ്രതിന്ധികളും സേവനങ്ങള്‍ എത്തിക്കുന്നതിലുളള ഒൗദ്യോഗിക വീഴ്ചകളും ആദിവാസി കുടുംബങ്ങള്‍ ചൂണ്ടിക്കാട്ടി.

ആദിവാസികള്‍ക്കായി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പുരോഗതി ചോദിച്ചറിയാന്‍ ശ്രമിച്ചതോടെയാണ് എ.ഡി.ജി.പിക്കും കലക്ടര്‍ക്കും മുന്‍പില്‍ പരാതിക്കൂമ്പാരമുയര്‍ന്നത്. വീടുകള്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിലെ വനം ഉദ്യോഗസ്ഥരുടെ അനാസ്ഥയും രോഗപ്രതിരോധപ്രവര്‍ത്തനങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ വീഴ്ചയുമാണ് ചൂണ്ടിക്കാട്ടിയത്.  വീടു നിര്‍മാണം പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ കരാറുകാര്‍ മുങ്ങുന്നതും ബോധ്യപ്പെടുത്തി.