മാവോയിസ്റ്റ് പുനരധിവാസ നയം; ആദ്യ കീഴടങ്ങല്‍ നടന്നതായി പൊലീസ്

കേരള സർക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസനയപ്രകാരം ആദ്യ കീഴടങ്ങല്‍ നടന്നതായി പൊലീസ്. കബനി ദളത്തിലെ ഡെപ്യൂട്ടി കമാൻഡന്റ് ലിജേഷ് എന്ന രാമുവാണ് കീഴടങ്ങിയതെന്ന് നോർത്ത് സോൺ ഐ.ജി അശോക് യാദവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാവോയിസ്റ്റ് ആശയങ്ങൾക്ക് പ്രാധാന്യം നഷ്ടപ്പെട്ടതാണ് കീഴടങ്ങാനുള്ള കാരണമെന്ന് ലിജേഷും പ്രതികരിച്ചു.

കർണാടകയിലും കേരളത്തിലുമായി പ്രവർത്തിക്കുന്ന കബനി ദളത്തിലെ ഡെപ്യൂട്ടി കമാൻഡന്റാണ് കീഴടങ്ങിയ മാവോയിസ്റ്റെന്ന് ഐ.ജി അശോക് യാദവ് പറഞ്ഞു. ലിജേഷ് എന്നാണ് യഥാര്‍ഥ പേരെങ്കിലും രാമു, രമണ്‍ എന്നീ വിളിപ്പേരുകളും ഇയാള്‍ക്കുണ്ട്. വയനാട് ജില്ലയിലെ പുല്‍പള്ളി പഞ്ചായത്തില്‍പ്പെട്ട അമരക്കുനി സ്വദേശിയാണ് 37 കാരനായ ലിജേഷ്. എഴ് വർഷമായി മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിച്ചുവരുന്നു. ഇന്നലെ രാത്രി 10 മണിയോടെ വയനാട് എസ് പി അരവിന്ദ് സുകുമാറിന് മുന്നിലാണ് ഇയാൾ കീഴടങ്ങിയതെന്നും ഐ.ജി.കേരളത്തിലും കർണാടകയിലും ആന്ധ്രയിലും പ്രവർത്തിച്ചിരുന്നതായാണ് കീഴടങ്ങിയ മാവോയിസ്റ്റ് പറയുന്നത്. തന്റെ ഭാര്യ ഇപ്പോഴും കബനി ദളവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായും തന്റെ പാത പിന്‍പറ്റി കൂടുതലാളുകള്‍ മാവോയിസ്റ്റ് സംഘടനവിട്ട് പുറത്തുവരണമെന്നും ലിജേഷ്. 

സംസ്ഥാന സർക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രകാരമുള്ള ആദ്യ കീഴടങ്ങലാണിതെന്നാണ് പൊലീസ് പറയുന്നത്. മാവോയിസ്റ്റ് പ്രസ്ഥാനം വിട്ട് പുറത്തുവരുന്നവരെ പുനരധിവസിപ്പിക്കുകയും കൂടുതല്‍ മാവോയിസ്റ്റുകളെ അതിന് പ്രോഹല്‍സാഹിപ്പിക്കുകയും ചെയ്യാനുള്ള നയമാണ് കേരള സര്‍ക്കാരിന്റെ 2018ലെ സറണ്ടര്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സ്കീം.