സര്‍ക്കാര്‍ തെറ്റുതിരുത്തണം; കടന്നാക്രമിച്ച് തലശേരി അതിരൂപത

പരിസ്ഥിതി ലോല മേഖലാ ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി. മന്ത്രിസഭാ തീരുമാന പ്രകാരം സര്‍ക്കാര്‍ നല്‍കിയ തെറ്റായ വിവരങ്ങളാണ് ഇപ്പോള്‍ ഉത്തരവായി വന്നിരിക്കുന്നത്. തെറ്റുപറ്റിയെങ്കില്‍ സര്‍ക്കാര്‍ പരസ്യമായി തിരുത്തണം. കര്‍ഷക പക്ഷത്ത് നിന്ന് ഉടന്‍ റിവ്യൂ ഹര്‍ജി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മെത്രാപ്പോലീത്ത മനോരമ ന്യൂസിനോട് പറഞ്ഞു. 

സുപ്രീംകോടതിയുടെ പുതിയ പരിസ്ഥിതി ലോല മേഖലാ ഉത്തരവിനെതിരെ വയനാട് ബത്തേരിയില്‍ കെഎസിവൈഎം മാനന്തവാടി രൂപത സംഘടിപ്പിച്ച ബഹുജന പ്രക്ഷോഭം സംസ്ഥാന സര്‍ക്കാരിനുള്ള താക്കീത് കൂടിയായി. കര്‍ഷക പക്ഷത്തുനിന്ന് കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനോടാണ് തങ്ങളുടെ പ്രതിഷേധമെന്നും സുപ്രീം കോടതിയോട് അല്ലെന്നും ഉദ്ഘാടകനായ തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി. 

സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് ഇപ്പോള്‍ ഉത്തരവായി വന്നിരിക്കുന്നത്. തെറ്റുപറ്റിയെങ്കില്‍ പരസ്യമായി തിരുത്തണം. കര്‍ഷകരുടെ ഒരു തുണ്ട് ഭൂമി പോലും വീട്ടുകൊടുക്കില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. സംയുക്ത ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ നടന്ന ബഹുജന പ്രക്ഷോഭത്തില്‍ നൂറുകണക്കിന് പേര്‍ അണിനിരന്നു.