ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടിയില്ല; ആദിവാസി യുവതി വീട്ടില്‍ പ്രസവിച്ചു

ഇടുക്കി കുമളിയില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതെ വീട്ടില്‍ പ്രസവിച്ചു. കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയ മന്നാക്കുടി സ്വദേശി വിനീതയും കുഞ്ഞും സുഖമായിരിക്കുന്നു. 

മന്നാക്കുടിയിലെ കണ്ണന്റെ ഭാര്യ വിനീതക്ക് ഞായര്‍ രാത്രി പതിനൊന്നരയോടെയാണ് പ്രസവവേദന തുടങ്ങിയത്. ആശാ വർക്കർ ജെയ്നമ്മ രാജനെ വിവരം അറിയിച്ച് എല്ലാവരും ചേര്‍ന്ന് ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ ഒരു വാഹനവും കിട്ടിയില്ല. വാർഡ് മെമ്പർ മുതൽ പൊലീസിനെ വരെ ബന്ധപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ പോലും ആളുണ്ടായില്ലെന്നാണ് പരാതി. 

വാഹനം പ്രതീക്ഷിച്ച് വിനീതയെ റോഡു വരെയെത്തിയെങ്കിലും രക്ഷയില്ലെന്ന് മനസിലാക്കി തിരികെ വീട്ടിലെത്തിച്ചയുടന്‍ പ്രസവം നടന്നു. തുടര്‍ന്നാണ് ഡോക്ടര്‍മാരെത്തി ആശുപത്രിയിലേക്ക് മാറ്റിയത്. വിഷയം ഗൗരവമായി പരിഗണിക്കുമെന്നും പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് ആശുപത്രി വികസന സമിതിയിൽ ഇക്കാര്യത്തിന് പരിഹാരമുണ്ടാക്കുമെന്നും മെഡിക്കൽ ഓഫിസർ ഡോ. ഗീതു വർഗീസ് പ്രതികരിച്ചു.