ഭവന നിര്‍മാണത്തിന്‍റെ പേരില്‍ ആദിവാസികളില്‍ നിന്ന് പണം തട്ടിയതായി പരാതി

സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചുളള ഭവന നിര്‍മാണത്തിന്‍റെ പേരില്‍ ആദിവാസികളില്‍ നിന്ന് പണം തട്ടിയെടുത്തതായി പരാതി. എറണാകുളം കോതമംഗലത്തെ അഞ്ച് ആദിവാസി കുടുംബങ്ങളാണ് കരാറുകാരനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രശ്നപരിഹാരത്തിനായി ആദിവാസികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മണിക്കൂറുകളോളം കാത്തുനിര്‍ത്തിയത് പ്രതിഷേധത്തിന് കാരണമായി. 

മാമലക്കണ്ടം,എംബ്ലാശേരി,ഞണ്ടുകുളം ആദിവാസി ഊരുകളില്‍ നിന്നുളള അഞ്ച് കുടുംബങ്ങളാണ് കരാറുകാരനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചുളള വീട് നിര്‍മാണത്തില്‍ കരാറുകാരനായ അനീഷ് കൃത്രിമം കാണിച്ച് പണം തട്ടിയെന്നാണ് ആരോപണം. സംഭവത്തെ പറ്റി കുട്ടമ്പുഴ പൊലീസിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് കോതമംഗലം സിഐയെ സമീപിച്ചു. പ്രശ്നപരിഹാരത്തിനായി സിഐ കഴിഞ്ഞദിവസം പരാതിക്കാരെയും കരാറുകാരനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാല്‍ പരാതിക്കാര്‍ രാവിലെ മുതല്‍ രാത്രി വൈകുവോളം പൊലീസ് സ്റ്റേഷനില്‍ കാത്തുനിന്നെങ്കിലും കരാറുകാരന്‍ എത്തിയില്ല. ഇത് പ്രതിേഷധത്തിന് വഴിവച്ചു. 

പ്രതിഷേധത്തിനൊടുവില്‍ ഏറെ വൈകിയാണ് കരാറുകാരന്‍ സ്റ്റേഷനിലെത്തിയത്. എന്നാല്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ലഭിച്ചിട്ടില്ലെന്നാണ് കരാറുകാരന്‍റെ പക്ഷം. ഒരാഴ്ചയ്ക്കകം പ്രശ്നത്തില്‍ പരിഹാരമുണ്ടാക്കാമെന്ന ഉറപ്പു നല്‍കിയാണ് ആദിവാസികളെ പൊലീസ് മടക്കിയയച്ചത്.