ഉറപ്പ് പാഴായി; ദുരിതമനുഭവിക്കുന്ന ആദിവാസി കുടുംബത്തിന്റെ പുനരധിവാസം നടപ്പായില്ല

വയനാട് കാരാപ്പുഴ എഴാംചിറയില്‍ വീടില്ലാതെ ദുരിതമനുഭവിക്കുന്ന പത്തംഗ ആദിവാസി കുടുംബത്തെ പുനരധിവസിപ്പിക്കുമെന്ന ജില്ലാ കലക്ടറുടെ ഉറപ്പ് പാഴായി. കുടുംബത്തിന് ആകെയുണ്ടായിരുന്ന  ഷെഡും തകർന്നു. ഏഴ്  കുട്ടികൾ അടങ്ങിയ കുടുംബത്തിന്റെ പട്ടിണിയും ദുരിതവും മനോരമ ന്യൂസ്‌ നേരത്തെ റിപ്പോർട്ട്‌ ചെയ്തിരുന്നു. 

ഏഴ് കുട്ടികൾ, മാതാപിതാക്കൾ, പ്രായമായ അമ്മ,  ഇത്രയും പേരുടെ  അഭയമായിരുന്നു എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന ഈ ഷെഡ്‌. കാരാപ്പുഴ ഡാമിന്റെ കരയിലാണ് ഈ ദുരിതം. കഴിഞ്ഞ ദിവസം ആഞ്ഞടിച്ച കാറ്റിലാണ് ഷെഡ് തകർന്നത്. മേൽക്കൂരയൊന്നുമില്ലാതെ വെറും നിലത്തു കിടക്കേണ്ട അവസ്ഥയിലാണ് കുടുംബം. 

ഇവരെ പുനരധിവസിപ്പിക്കുമെന്ന്‌ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. നടപടികൾ സ്വീകരിക്കുമെന്ന് പട്ടികവർഗ വകുപ്പും അറിയിച്ചിരുന്നെങ്കിലും ഇത്‌ വരെ പാലിക്കപ്പെട്ടിട്ടില്ല. ഒരു ട്രൈബൽ പ്രൊമോട്ടറുടെ സന്ദർശനം മാത്രമാണ് നടന്നത്.