പകര്‍ച്ചപ്പനിയും ദാരിദ്ര്യവും; ഒന്നരമാസമായി വീടിന് പുറത്തിറങ്ങാതെ ആദിവാസി കുടുംബങ്ങൾ

പകര്‍ച്ചപ്പനിയും ദാരിദ്ര്യവും കാരണം ഒന്നരമാസമായി വീടിന് പുറത്തിറങ്ങാതെ ആദിവാസി കുടുംബങ്ങള്‍. കോഴിക്കോട് വയലട കോട്ടക്കുന്ന് കോളനിയിലാണ് അധികൃതരുടെ ശ്രദ്ധയെത്താത്തതിനാലുള്ള കുടുംബങ്ങളുടെ ദുരിതം. ശക്തമായ കാറ്റില്‍ നിലംപൊത്താവുന്ന തരത്തിലാണ് വര്‍ഷങ്ങളായി ഇവരുടെ വീടിന്റെ സുരക്ഷ. 

 ചെളികൊണ്ട് ഒരടി ഉയര്‍ത്തിയ സുരക്ഷാഭിത്തി. തലകുനിക്കാതെ ഉള്ളിലേക്ക് കയറാന്‍ തരമില്ല. ഇങ്ങനെ മൂന്ന് വീടുകളിലായി പതിനേഴ് ജീവനുകളുണ്ട്. ഇവര്‍ പുറത്തിറങ്ങാതായിട്ട് ഒന്നരമാസം കഴിഞ്ഞു. പനിബാധ ഒഴിയാത്തതാണ് കാരണം. ആദിവാസികള്‍ക്ക് ഭൂമിയില്ലാത്തതും പട്ടയം കിട്ടാത്തതുമായ ദുരിതം പുതുമയല്ല. എന്നാല്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കുടുംബങ്ങള്‍ റേഷന്‍കാര്‍ഡും ആധാറിന്റേയും മാത്രം ഉടമകളായതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ അലംഭാവമുണ്ട്. വര്‍ഷങ്ങളായി കൈവശമുള്ള മണ്ണിന് അനുമതിപത്രമില്ല.

സ്വന്തം പേരില്‍ വസ്തുവില്ലാത്തതിനാല്‍ വീട് നിര്‍മാണത്തിനുള്ള സഹായവുമില്ല. റേഷന്‍വിഹിതം കോളനിയിലെത്തിക്കുന്ന പ്രമോട്ടര്‍ വീടിനുള്ള ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്ന് ഇവര്‍ പറയുന്നു. ആരാണ് തടസം പറയുന്നതെന്ന് അന്വേഷിക്കാന്‍ ജില്ലാഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്.