അട്ടപ്പാടി ഭവനപദ്ധതി തട്ടിപ്പ്‌: ആദിവാസികളെ ഭീഷണിപ്പെടുത്തിയതായി പരാതി

അട്ടപ്പാടിയിൽ എ.ടി.എസ്.പി പദ്ധതിയിൽ വീട് ലഭിച്ച് തട്ടിപ്പിനിരയായ ആദിവാസികളെ ഭീഷണിപ്പെടുത്തിയതായി പരാതി. അഗളി ഭൂതിവഴി ഊരിലെ കുടുംബങ്ങളാണ് മണ്ണാർക്കാട് ജില്ല സ്പെഷല്‍ കോടതിയിൽ പരാതിയുമായി എത്തിയത്. ഹർജി സ്വീകരിച്ച കോടതി പരാതിക്കാർക്ക് പൊലീസ് സംരക്ഷണം നൽകാനും അഗളി സ്റ്റേഷൻ ഓഫിസറോട് വിശദമായ റിപ്പോർട്ട് നൽകാനും നിർദേശിച്ചു.

2015-16 ൽ ഊരിലെ കലാമണി, ശാന്തി, ചെല്ലി, രേശി, രങ്കി, കാളി, പാപ്പ എന്നിവർക്കാണ് പദ്ധതിയിൽ വീട് ലഭിച്ചത്. കരാറുകാരായ നിലമ്പൂർ സ്വദേശികളായ മുഹമ്മദ് ബഷീർ, അബ്ദുൽ ഗഫൂർ എന്നിവർ വീട് പണി പൂർത്തിയാക്കാതെ ഇവരെ കബളിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് കേസ്. ഏഴു പേരിൽ നിന്നായി 837500 രൂപ തട്ടിയെടുത്തു. ആദ്യം അഗളി പൊലീസും, പിന്നീട് പാലക്കാട് ക്രൈംബ്രാഞ്ചും അന്വേഷിച്ച് റിപ്പോർട്ട് നൽകിയ കേസിൽ മൂന്ന് മാസത്തിനകം തീർപ്പുണ്ടാക്കാൻ കഴിഞ്ഞ ഓഗസ്റ്റിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം അജ്‌മൽ എന്നയാൾ എത്തി കേസിൽ നിന്ന് പിന്മാറണമെന്നും, പണം നൽകാമെന്നും ചില പേപ്പറുകളിൽ ഒപ്പിട്ട് നൽകണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയതായാണ് പരാതി. പത്താം തിയതി അഗളി സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ടെന്നും, ഊരിൽ കഴിയാൻ ഭയമാണെന്നും ഇവർ കോടതിയിൽ പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് ഇവർക്ക് സംരക്ഷണം ഒരുക്കാൻ കോടതി നിർദേശിച്ചത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ടും കോടതി ആവശ്യപ്പെട്ടു.