ആദിവാസി മേഖലയിലെ പദ്ധതികളെ പ്രതിസന്ധിയിലാക്കി സർക്കാർ ഉത്തരവ്

സാമ്പത്തിക‍ ‍പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ പുറത്തിറക്കിയ ഉത്തരവുകള്‍ ആദിവാസിമേഖലയിലെ പദ്ധതികളെ തകിടംമറിക്കും. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം വയനാട് ഐടിഡിപിയുടെ അക്കൗണ്ടിലുണ്ടായിരുന്നു 87 കോടി രൂപയാണ് കഴിഞ്ഞ ദിവസം തിരിച്ചടച്ചത്. സ്പെഷ്യല്‍ ട്രഷറി സേവിങ്സ് ബാങ്ക് എക്കൗണ്ട് എന്ന പേരില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ അക്കൗണ്ടില്‍ കിടന്ന 5630 കോടി രൂപയാണ് കഴിഞ്ഞ ദിവസം പബ്ലിക്ക് അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കപ്പെട്ടത്.

വകുപ്പുകളുടെ പേരില്‍ ഉപയോഗിക്കാതെ കിടക്കുന്ന തുക തിരിച്ചടയ്ക്കണമെന്നായിരുന്നു ഉത്തരവ്. ഇത്തരത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുക തിരിച്ചടയ്ക്കേണ്ടി വന്ന അക്കൗണ്ടുകളിലൊന്ന് വയനാട് ഐടിഡിപിയുടേതാണ്. ജില്ലാ കലക്ടറുടെ നിയന്ത്രണത്തിലുള്ള എണ്‍പത്തി ഏഴ് കോടി രൂപയാണ് തിരിച്ചടച്ചത്.

മുന്‍കാലങ്ങളില്‍ തുടങ്ങിവെച്ച പ്രവൃത്തിപുരോഗമിക്കുന്ന പദ്ധതികളുടെ തുകയാണിത്. മാര്‍ച്ച് 31 നകം പദ്ധതികള്‍ പൂര്‍ത്തീകരിച്ചാല്‍ മതിയെന്ന ധാരണപ്രകാരമായിരുന്നു പല പദ്ധതികളുടെയും തുക ട്രഷറിയില്‍ക്കിടന്നത്. പദ്ധതികള്‍ കൃത്യസമയത്ത് നടപ്പിലാക്കാതെ ഉദ്യാഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചകളുണ്ടായി. ആദിവാസി പുനരധിവാസ പദ്ധതികളും വിവിധ ഭവനനിര്‍മ്മാണ പദ്ധതികളും അവതാളത്തിലാകുമെന്നുറപ്പായി. ആദ്യ ഘഡു ലഭിച്ച ഇത്തരം പദ്ധതികളുടെ പ്രവൃത്തികള്‍ പാതിവഴിയില്‍ക്കിടക്കുകയാണ്.

ആവശ്യമെങ്കില്‍ ഏപ്രില്‍ നാലിന് ശേഷം അപേക്ഷനല്‍കിയാല്‍ തുക തിരികെ ലഭിക്കുമെന്ന ഉത്തരവിലെ ഇളവിലാണ് പ്രതീക്ഷ. അങ്ങനെയാമെങ്കില്‍ത്തന്നെ വീണ്ടും കാലതാമസം വേണ്ടി വരും. കഴിഞ്ഞ രണ്ട് മാസമായി ട്രഷറി നിയന്ത്രണം കാരണം ആദിവാസി മേഖലയിലെ വിവിധ പദ്ധതികള്‍ മുടങ്ങിക്കിടക്കുയാണ്. നിയന്ത്രണം കഴിഞ്ഞാല്‍ അക്കൗണ്ടിലുള്ള തുക തിരിച്ചെടുത്ത് പ്രവൃത്തികള്‍ പെട്ടന്ന് തുടങ്ങാമെന്ന പ്രതീക്ഷയാണ് അസ്തമിച്ചത്.