ചെരിപ്പിടാതെ നടന്നെത്തി; മോദിയും ഷായും കൈകൂപ്പി; രാജ്യം തിരഞ്ഞ തുളസി ഇതാ

ഇത്തവണ പത്മശ്രീ പുരസ്കാരങ്ങള്‍ ലഭിച്ചവരില്‍ സാധാരണക്കാരാണ് ഏറെയും. ഇതിനു ഉദാഹരണമാണ് ഓറഞ്ച് വിറ്റഴിച്ച് വിദ്യാലയം നിര്‍മിച്ച ഹജ്ജബ്ബയെ പോലുള്ള ആളുകള്‍. ജനഹൃദയത്തില്‍ ഇടം പിടിച്ച ആദിവാസി പരിസ്ഥിതി പ്രവര്‍ത്തക തുളസി ഗൗഡയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പരമ്പരാഗത വസ്ത്രം ധരിച്ചാണ് ഇവര്‍ പുരസ്കാര വേദിയിലെത്തിയത്. 

ചെരിപ്പിടാതെ നടന്നെത്തിയ തുളസി ഗൗഡയ്ക്ക് മുന്നില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കൈകൂപ്പുന്ന ചിത്രമാണ് ഇമേജ് ഓഫ് ദി ഡേ എന്ന അടിക്കുറിപ്പോടെ വൈറലായത്. ഇതിനൊടുവിലാണ് ആരാണ് തുളസി ഗൗഡ എന്ന് ആളുകള്‍ തിരയാന്‍ തുടങ്ങുന്നത്. ഇതിനോടകം തന്നെ 30,000 വൃക്ഷത്തൈകളാണ് ഇവര്‍ വച്ചുപിടിപ്പിച്ചത്. 

കര്‍ണാടകയില്‍ നിന്നുള്ള 73കാരിയാണ് തുളസി ഗൗഡ. പ്രകൃതിയെ സംരക്ഷിക്കുന്നതിനാണ് രാജ്യം അവരെ പത്മശ്രീ നല്‍കി ആദരിച്ചത്. കാടിനെയും, സസ്യങ്ങളെയും കുറിച്ചുള്ള അറിവാണ് ഇവരെ വ്യത്യസ്തമാക്കുന്നത്. അതിനാല്‍ കാടിന്‍റെ സര്‍വ്വവിഞ്ജാനകോശമെന്നും ഇവര്‍ അറിപ്പെടുന്നു. കര്‍ണാടകയിലെ ഹലാക്കിയെന്ന ആദിവാസി വിഭാഗത്തിലപ്പെട്ട പാവപ്പെട്ട കുടുംബത്തിലുള്ള ആളാണ് തുളസി ഗൗഡ. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത  ഗൗഡയ്ക്ക് പ്രകൃതിയോട് ഇണങ്ങിചേരാനായിരുന്നു താല്‍പര്യം. അങ്ങനെയാണ് തന്‍റെ ചെറുപ്പകാലം മുതല്‍ പ്രകൃതിയുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ട് നിന്നത്. അച്ഛന്‍ ഇല്ലാതെ വളര്‍ന്ന തുസിയുടെ ഏക ആശ്രയം വനംവകുപ്പിന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും കിട്ടുന്ന പെന്‍ഷന്‍ തുകയാണ്. തന്‍റെ പത്താം വയസ് മുതല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ 73ാം വയസിലും തുളസി തുടരുന്നു.