മണ്ണിന്‍റെ പാട്ടുല്‍സവത്തിന് കൊച്ചിയില്‍ അരങ്ങ്; ഗോത്രസംഗീതത്തിന്‍റെ അപൂര്‍വ സ്വരങ്ങളുമായി എര്‍ത്ത്‌ലോർ

നഞ്ചിയമ്മയെ നമ്മളറിയും. അയ്യപ്പനും കോശിയും സിനിമയിലെ ഹിറ്റ് ഗാനങ്ങളിലൂടെ. അറിയപ്പെടാത്ത നഞ്ചിയമ്മമാര്‍ ധാരാളമുണ്ട് നാട്ടില്‍. അവരൊന്നിക്കുകയാണ്.  കൊച്ചിയില്‍ ആഗോള ഐടിസേവന ദാതാക്കളായ എക്സ്പീരിയന്‍ ടെക്നോളജീസും ആർക്കൈവൽ ആൻഡ് റിസർച്ച് പ്രൊജക്റ്റും കൈകോർക്കുകയാണ് എര്‍ത്ത്‌ലോർ പരിപാടിയില്‍. കേരളത്തിന്‍റെ സമ്പന്നമായ ആദിവാസി ഗോത്ര സംഗീതത്തിന്‍റെ വൈവിധ്യമാകെ അണിനിരക്കുന്ന മേളയ്ക്കാണ് മേയ് 29ന് ബോല്‍ഗാട്ടി പാലസില്‍ അരങ്ങൊരുങ്ങുന്നത്. സമയം വൈകിട്ട് ആറു മണി. 

ഗോത്ര സംഗീതവും ശാസ്ത്രീയ ഗാനശാഖയും കൈകോര്‍ക്കുന്ന പരീക്ഷണം കൂടിയാണിത്. നഞ്ചിയമ്മയുള്‍പ്പെടെ അട്ടപ്പാടിയിലെ ഇരുളര്‍ , വയനാട്ടിലെ കാട്ടുനായ്ക്കര്‍ വിഭാഗങ്ങളിലെ 20ലധികം പാട്ടുകാര്‍ മേളയ്ക്കെത്തും. ഇവര്‍ക്കൊപ്പം സംഗീതജ്ഞരായ ചാരു ഹരിഹരന്‍, ശ്രീകാന്ത് ഹരിഹരന്‍, മജീദ് കരയാട്, അമേരിക്കന്‍ സംഗീത സംവിധായകന്‍  ജൂലിയന്‍ സ്കോമിഗ് തുടങ്ങിയവര്‍ പങ്കെടുക്കും.  

നൂറ്റാണ്ടുകളിലൂടെ പകര്‍ന്ന് മധുരമേറിയ തനത് ഈണങ്ങള്‍ ആഗോള സംഗീതപ്രേമികളിലെത്തിക്കുകയെന്ന ലക്ഷ്യമാണ് ആര്‍പോ ( ആര്‍ക്കൈവല്‍ ആന്‍ഡ് റിസര്‍ച് പ്രോജക്ട്) സംഘത്തിന്.  സംഗീതനിശയ്ക്കു മുന്നോടിയായി മേയ് 28ന് ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ വൈകിട്ട് മൂന്നിന് വര്‍ക്ക്ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്.