ആ സംഭവം ഇന്നാണെങ്കിൽ വെടിയുണ്ട എപ്പോഴേ വന്നേനെ; ഇനി ഡിജിറ്റൽ സമരം: വിനായകൻ

ഭരണകൂട ക്രൂരതകൾ അനുഭവിച്ച് സ്വന്തം മണ്ണിൽ നിന്നും പലായനം ചെയ്യേണ്ടിവന്ന ഒരു ജനത. ആദിവാസി–ഗോത്ര–ദലിത് സമൂഹം നേരിടുന്ന വഞ്ചന. ഇത് ചരിത്രത്താളുകളിൽ മാത്രം കണ്ടാൽപോര എന്ന് ശക്തമായി പറഞ്ഞുതരുകയാണ് കമല്‍ കെ. എമ്മിൻറെ 'പട'. മനുഷ്യരാഷ്ട്രീയം സംസാരിക്കുന്ന ഈ സിനിമ എല്ലാവരും കണ്ടിരിക്കേണ്ട പടമെന്ന് ഉറച്ചു പറയാൻ കാരണം സിനിമ മുന്നോട്ടു വക്കുന്ന സാമൂഹിക പ്രതിബദ്ധത തന്നെയാണ്. കുഞ്ചാക്കോ ബോബന്‍, വിനായകൻ, ദിലീഷ് പോത്തൻ, ജോജു ജോർജ്ജ് എന്നിവർ സമൂഹികനീതിക്കായി പോരാടുന്ന അയ്യങ്കാളി പടയിലെ നാൽവർ സംഘമായി എത്തുമ്പോൾ വർത്തമാനകാലത്തിലും വിഷയത്തിന് പ്രസക്തി ഏറുന്നു. സിനിമ പറയുന്ന വിഷയങ്ങള്‍ പച്ചയായ മനുഷ്യജീവിതങ്ങളുടേതാണ് എന്ന് ബാലുവായി സിനിമയിൽ ജീവിച്ചുകാണിച്ച നടൻ വിനായകൻ മനോരമ ന്യൂസ്ഡോട്ട് കോമിനോട് പറയുന്നു. 

പെട്ടെന്ന് 'പട'യായി

വിഷയം ആ സമയത്തുതന്നെ ഞാൻ അറിഞ്ഞിട്ടുള്ളതാണ്. കഥ കേട്ടപ്പോൾ തന്നെ 'പടയോട്' താൽപര്യമുണ്ടായി. ആ കഥാപാത്രത്തോടും ഭയങ്കര ഇഷ്ടമാണ്. അഭിനയിച്ച നാലുപേരും നല്ല സുഹൃത്തുക്കളാണ്. ആ ബന്ധം കഥപാത്രത്തിന്റെ പൂർണതയിലേക്കെത്താൻ സഹായിച്ചു. ഞങ്ങൾ ഒരുമിച്ച് കൂടുമ്പോൾ തന്നെ വലിയൊരു 'പട'യായി. ആ പടയുടെ ഒരുക്കങ്ങളും പട പട  പെട്ടെന്നായിരുന്നു. ഒരുമിച്ചൊരു സീൻ ഉണ്ടാവാത്തതു കൊണ്ട് ഇന്ദ്രൻസ് ചേട്ടനെ കണ്ടിട്ടില്ല.

വോട്ടുചെയ്യാത്തവർ ചർച്ച ചെയ്യട്ടെ.. 

സമൂഹം 'പട' ചർച്ച ചെയ്യണം. പ്രായഭേദമന്യേ‌ അവർ സംസാരിക്കട്ടെ. ഇതിലൂടെ സർക്കാരുകളുടെ രീതിയിലും മാറ്റങ്ങളുണ്ടാകും. സംഘടന രാഷ്ട്രീയത്തിൽ നിന്നും മാറി ജനം ചിന്തിച്ചിരിക്കുന്നു. ഇത് സമൂഹത്തിന്റെ നന്മയുടെ ഭാഗമാണ്. സംഘടനയിലേക്ക് ജനം കടക്കുന്നത് തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ്. കേരളത്തിന്റെ അവസ്ഥയിൽ എന്ത് തന്നെ ഉണ്ടായാലും ജനങ്ങൾക്ക് സംഘടനാപരമായി പ്രവർത്തിക്കുന്ന രാഷ്ട്രീയത്തിന് നിന്നുകൊടുക്കേണ്ടിവരും. എന്നാൽ, വോട്ടുചെയ്യാത്ത ഒരു സമൂഹത്തിന് ചർച്ചകളിലൂടെ കാര്യങ്ങൾ സംസാരിക്കാൻ കഴിഞ്ഞാൽ അത് കുറെക്കൂടി ഗുണംചെയ്യും. അത്തരത്തിൽ അവരുടെ ശബ്ദം ഉച്ചത്തിൽ ഉയരുമ്പോൾ സമൂഹം ഒരുമിച്ച് പറയാനും ചോദിക്കാനും തുടങ്ങും. ഇത് പൊതുയിടങ്ങളിൽ സംസാരിക്കുമ്പോൾ പല കേന്ദ്രങ്ങളിലും വിഷയം ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പ്. 

'കുട്ടി'ക്കളി മാറ്റിയ രാഷ്ട്രീയം..

മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുന്ന തലമുറയാണിത്. ഇതിൽ വ്യക്തികളുടെ അഭിപ്രായപ്രകടനങ്ങൾക്കും പ്രാധാന്യം ഏറി. 'ഡിജിറ്റലാണല്ലോ ഇപ്പോ എല്ലാം..' അതുകൊണ്ട് തന്നെ നിലപാടുകൾ തുറന്നടിക്കുന്ന ഇടമായി സോഷ്യൽമീഡിയയും മാറികഴിഞ്ഞു. ഇത്തരത്തിൽ പ്രായഭേദമന്യേ എല്ലാവരും വിഷയങ്ങൾ കൈകാര്യം ചെയ്യട്ടെ. കല്ലെറിയുന്ന സമരമുറകളിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഇപ്പോഴുണ്ട്. ഈ ഡിജിറ്റൽ യുഗത്തിൽ ഇനിയുണ്ടാവുക ഡിജിറ്റൽ സമരങ്ങളാണ്. ഇപ്പോഴത്തെ കുട്ടികൾ കളിചിരികൾക്കൊപ്പം  രാഷ്ട്രീയവും സംസാരിക്കുന്നു അത് ചർച്ചചെയ്യുന്നു എന്നത് നല്ലൊരു മാറ്റമാണ്. നീതിക്കു വേണ്ടിയുള്ള സമരങ്ങൾ എന്നും ഉണ്ടാകും. അതു വേറെ തലത്തിൽ എന്നു മാത്രം.

സമര'സങ്കടം'

'പട'യിലുള്ള നാലു പേരെ നേരത്തെ ഫിക്സ് ചെയ്തിരുന്നതാണ്. യഥാർത്ഥ കഥയിലെ യാദൃശ്ചിക സംഭവം തന്നെയാണ് സിനിമയിലും ഉള്ളത്. മറ്റ് ഏതോ കാര്യങ്ങളാൽ അയ്യങ്കാളി പടയിലെ ഒരാൾക്ക് അന്ന് വരാൻ പറ്റിയില്ല. അങ്ങനെയാണ് ദിലീഷ് പോത്തന്റെ വരവ് കാണിക്കുന്നത്. നാരായണ്‍കുട്ടി ആയാണ് ദിലീഷ് പോത്തനെത്തുന്നത്. 'ഈ കഥാപാത്രത്തിന്റെ യഥാർഥ നായകനുമായി സംസാരിച്ചിരുന്നു ഞാൻ. ഒരു പ്രായം മുതൽ താൻ കരഞ്ഞതായി ഓർക്കുന്നില്ലെന്നാണ് അയാൾ എന്നോട് പറഞ്ഞത്. ഈ സിനിമ കണ്ടതിനു ശേഷവും തുടക്കത്തിലും താൻ കരയുകയായിരുന്നുവെന്നാണ് പറയുന്നത്. ഈ പ്രശ്നത്തോട് കൂടി കുടുംബവും തന്നെ വിട്ടുപോയിയെന്നും എന്നോട് അദ്ദേഹം പറഞ്ഞിരുന്നു. ആ സമരം കഴിഞ്ഞ് അയ്യങ്കാളി പടയിലെ എല്ലാവരുടെയും അവസ്ഥ ശാരീരികമായും മാനസികമായും സങ്കടകരമായിരുന്നു..'

വെടിയുണ്ടകൾ എപ്പോഴേ വന്നു..

ഇപ്പോഴാണ് ആ സംഭവം നടക്കുന്നതെങ്കിൽ നാഷനൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) വന്ന് വെടിവക്കും ആ നാല് പേരെ..! റോഡ് മാർഗത്തിൽ എൻഎസ്ജി അന്ന് വാളയാർ വരെ എത്തിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്നാണ് സംഭവമെങ്കിൽ എൻഎസ്ജി അവിടെ ലാൻഡ് ചെയ്തിട്ട് നാലുപേരെയും വെടിവച്ചു കൊല്ലും. വെടിയുണ്ടകൾ എപ്പോഴേ അവിടെ എത്തിയേക്കും.. അത്രത്തോളം മാറിയല്ലോ എല്ലാം. 

കൂടാൻ എനിക്ക് തോന്നണം..

ഞാൻ സിനിമയുടെ സ്ക്രിപ്റ്റ് വായിക്കാറില്ല. ആരാണ് പടം ചെയ്യുന്നതെന്ന് നോക്കും. അതിന്റെ ടെക്നിക്കൽ സൈഡ് ആരാണ് നോക്കുക എന്നൊക്കെ അറിഞ്ഞിട്ടാണ് സിനിമ ചെയ്യുന്നത്. പുതിയൊരു പടം പെട്ടെന്നു വന്നുകഴിഞ്ഞാൽ ചെയ്യില്ല. പരിചയമുള്ള ആളുകളുടെ സിനിമകളോടാണ് താൽപര്യം. അത്രമാത്രം ഗൗരവപരമായാണ് സിനിമയെ കാണുന്നത്. ചോദ്യങ്ങൾ കണ്ടമാനം വന്നുകഴിഞ്ഞാൽ പടങ്ങൾ ചെയ്യാറില്ല. അവർക്കൊപ്പം കൂടാം എന്നു ഉറപ്പുള്ളവരുടെ അടുത്താണ് ജോലി ചെയ്യാൻ താൽപര്യം. 

പച്ചയായ പടങ്ങൾ..

സ്റ്റൈലായി അഭിനയിക്കാൻ എനിക്കിഷ്ടമാണ്. അങ്ങനെയുള്ള പടങ്ങളും വരാറുണ്ട്. അതിലൊന്നും ഒരു പൂർണ്ണത ഉണ്ടെന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് സിനിമകൾ സമയം എടുത്ത് ചെയ്യുന്നു. അതേസമയം, പച്ചയായ ജീവിതം സിനിമയാകുമ്പോൾ അത് ജനങ്ങളിലേക്ക് കയറി ചെല്ലും.. ജീവിതത്തിലെ നായകന്മാരെക്കുറിച്ചൊരു സിനിമ ഇപ്പോൾ എത്തുമ്പോൾ ജനം അത് വീണ്ടും ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു. നവ്യാനായർ പ്രധാനകഥാപാത്രമായിയെത്തുന്ന 'ഒരുത്തി', 'പന്ത്രണ്ട്' എന്നീ സിനിമകളാണ് ഇനി വരാനുള്ളത്. 

1996-ലാണ് ആദിവാസികളുടെ മുന്നേറ്റത്തിനു വേണ്ടി പാലക്കാട് കലക്ടറെ ബന്ദിയാക്കിയ സമരം നടക്കുന്നത്. സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടി അയ്യങ്കാളി പട ഒരുങ്ങി. കല്ലാര്‍ ബാലു, രാകേഷ് കാഞ്ഞങ്ങാട്, നാരായണന്‍ കുട്ടി, അരവിന്ദന്‍ മണ്ണൂര്‍ എന്നിവരാണ് ഈ പടയിലെ നാലവർ സംഘം. നിയമസഭയില്‍ പാസാക്കിയ ആദിവാസി ഭൂനിയമ ഭേദഗതി ബില്ലിന് എതിരെ പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കാന്‍ എത്തിയ അയ്യങ്കാളി പടയുടെ പോരാട്ടം സിനിമയായപ്പോൾ കഥയിലെ യഥാർത്ഥ നായകരും സിനിമകണ്ടു കരഞ്ഞുപോയിയെന്നാണ് നടൻ വിനായകൻ പറയുന്നത്.. സംഭവം നടന്ന്  26 വർഷങ്ങൾക്കിപ്പുറം ഈ വിഷയം അതേപടി തന്നെ ഇവരുടെ ആവശ്യങ്ങൾ ആയി മാത്രം നിലനിൽക്കുന്നു. ഇതിനെതിരെ ഒരു പടയൊരുക്കം ഉണ്ടാകേണ്ടതല്ലേ എന്ന ചിന്തയും സിനിമ ബാക്കിയാക്കുന്നു.