'ഊഷ്മള സൗഹൃദം'; എം.വി ഗോവിന്ദനെ സന്ദര്‍ശിച്ച് കുഞ്ചാക്കോ ബോബൻ; ചിത്രങ്ങൾ

സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ മന്ത്രി എം.വി ഗോവിന്ദനെ സന്ദർശിച്ച് നടൻ കുഞ്ചാക്കോ ബോബൻ. ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ നിർമാതാവ് സന്തോഷ് ടി കുരുവിളയും കു‍ഞ്ചാക്കോ ബോബനൊപ്പം ഉണ്ട്. എം.വി ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ സന്തോഷ് ടി കുരുവിളയാണ് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.

'കലയും പ്രത്യയശാസ്ത്രവും പരസ്പര്യത്തിന്റെ , സൗഹൃദത്തിന്റെ നിത്യ ഹരിത ധാരകളാണ്. ഞാനും പ്രിയ നടൻ കുഞ്ചാക്കോ ബോബനും ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞു' എന്നാണ് ചിത്രം പങ്കുവച്ച് സന്തോഷ് കുറിച്ചത്.

ന്നാ താൻ കേസ് കൊട് എന്ന സിനിമ റിലീസിനെത്തിയപ്പോൾ തന്നെ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വഴിയിൽ കുഴിയുണ്ടെങ്കിലും എന്നാലും തിയറ്ററിലേക്ക് വന്നേക്കണേ എന്ന പോസ്റ്ററിലെ പരസ്യവാചകം വലിയ തരത്തിലുള്ള ചർച്ചകൾക്ക് വഴിവച്ചിരുന്നു. സിനിമ ബഹിഷ്ക്കരിക്കണമെന്ന് വരെ ആഹ്വാനം ഉണ്ടായി. എന്നാൽ പ്രദർശനത്തിനെത്തി മൂന്നാഴ്ച പിന്നിട്ടിട്ടും സിനിമ നിറഞ്ഞ സദസ്സിൽ ഓടുകയാണ്. ഇന്നലെ ഈ ചിത്രം 50 കോടി ക്ലബിലും ഇടം നേടി.