'കള്ളൻ' 50 കോടി ക്ലബിൽ; ചാക്കോച്ചന്റെ വലിയ വിജയമായി ന്നാ താൻ കേസ് കൊട്

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളിലൊന്നായി രതീഷ് ബാലകൃഷ്ണ പൊതുവാൾ– കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താൻ കേസ് കൊട്'. ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയെന്ന വിവരം കുഞ്ചാക്കോ ബോബൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ചാക്കോച്ചന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ഈ ചിത്രം.

സിനിമ പ്രദർശനത്തിന് എത്തു മുമ്പ് തന്നെ വലിയ തരത്തിലുള്ള ചർച്ചകൾക്ക് വഴിവച്ചിരുന്നു. ദേവദൂതർ പാടി എന്ന ഗാനത്തിന്റെ പുനരാവിഷ്ക്കരണവും കുഞ്ചാക്കോ ബോബന്റെ ഡാൻസും ആദ്യം വൈറലായി. പിന്നീലെ റിലീസ് ദിനത്തിൽ പുറത്തിറങ്ങിയ പോസ്റ്ററിലെ പരസ്യം വിവാദമായി. തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പരസ്യവാക്യമാണ് വിവാദമായത്. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്തായിരുന്നു ഈ പരസ്യവാചകം. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ അരങ്ങേറി. എന്തായാലും ഇതെല്ലാം സിനിമയുടെ പ്രശസ്തിക്ക് കാരണമായി. കുടുംബ പ്രേക്ഷകർ ഒന്നടങ്കം തിയറ്ററുകളിലേക്ക് എത്തി. കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലും ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. 

എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മാണവും നിര്‍വ്വഹിച്ച ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. രതീഷ് പൊതുവാള്‍ തന്നെയാണ് തിരക്കഥ ഒരുക്കിയത്.