ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറഞ്ഞു; കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ശ്രമം

PattitharaWater
SHARE

ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറഞ്ഞതോടെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പമ്പിങ് പ്രദേശത്തേയ്ക്ക് വെള്ളമെത്തിക്കാന്‍ ശ്രമം.  പാലക്കാട് തൃത്താല മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനാണ് ശ്രമം. ജലനിരപ്പ് താഴ്ന്ന് ചെളി അടിഞ്ഞതിനാല്‍  പമ്പ് ഹൗസിൽ നിന്നുള്ള ജലവിതരണത്തിനും പ്രതിസന്ധിയുണ്ട്. 

രണ്ട് മണ്ണുമാന്തി ഉപയോഗിച്ച് മൂന്ന് ദിവസം കൊണ്ടാണ് ആഴത്തിൽ കിടങ്ങുണ്ടാക്കി പദ്ധതി പ്രദേശത്തേക്ക് വെള്ളമെത്തിച്ചത്. കിടങ്ങ‌ുണ്ടാക്കിയതോടെ വെള്ളം കിണറിലേക്ക് എത്തിയെങ്കിലും ചെളിവെള്ളം നിറഞ്ഞതിനാല്‍ തുടർച്ചയായുള്ള ജലവിതരണം സാധ്യമല്ല. പുഴയിൽ ബണ്ട് കെട്ടി ചെളിവെള്ളം നീക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ജലക്ഷാമം രൂക്ഷമായതോടെ വിവിധ പഞ്ചായത്ത് അധ്യക്ഷന്മാരും, ജല അതോറിറ്റി ഉദ്യോഗസ്ഥരും ദിവസങ്ങൾക്കു മുന്‍പ് യോഗം ചേർന്നിരുന്നു. യോഗത്തിൽ ഉയർന്നുവന്ന തീരുമാനപ്രകാരമാണ് മണ്ണുമാന്തി കൊണ്ട് കിടങ്ങ് കീറി പമ്പ് ഹൗസിന്റെ കിണറിലേക്ക് വെള്ളം എത്തിക്കാനും, ചെളി നീക്കം ചെയ്യാനുമുള്ള തീരുമാനം. നിലവില്‍ വേണ്ടത്ര വെള്ളമുണ്ടെങ്കിലും വരും ദിവസങ്ങളിൽ പുഴയിലെ വെള്ളം ഇനിയും താഴ്ന്നാൽ വലിയ പ്രതിസന്ധിയാകും.  

ജലക്ഷാമം കാരണം തൃത്താല മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ടാങ്കറില്‍ വെള്ളമെത്തിക്കുന്നതാണ് ആശ്വാസം. കാഞ്ഞിരപ്പുഴ തടയണയിലെ വെള്ളം തുറന്നുവിട്ടതിനാല്‍ ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂട്ടക്കടവിലും ആനക്കര മേഖലയിലും വെള്ളം നേരിയ തോതില്‍ കൂടിയിട്ടുണ്ട്. കുമ്പിടി കാങ്കപ്പുഴ റെഗുലേറ്റർ നിർമാണത്തിന്റെ ഭാഗമായി വെള്ളം തടഞ്ഞുനിർത്തുന്നതിനാൽ ഇവിടെയും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. 

Palakkad drinking water issue

MORE IN NORTH
SHOW MORE