Untitled design - 1

മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കാത്തതിൽ അതൃപ്തിയിലായിരുന്ന ലത്തീൻ സഭയെ നേരിട്ടെത്തി അനുനയിപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. തിരുവനന്തപുരം വെള്ളയമ്പലത്തിലെ ബിഷപ്പ് ഹൗസിൽ ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ, വികാരി ജനറൽ ഫാ.യൂജിൻ പെരേര എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു. തീരപ്രദേശത്തെ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടലുകൾ നടത്തുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഫാ.യൂജിൻ പെരേര പ്രതികരിച്ചു.

 

Also Read: ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; ആശമാര്‍ക്ക് ഓണററിയത്തില്‍ 3000രൂപവര്‍ധന


മത്സ്യത്തൊഴിലാളികളുടെ മനസ്സറിയുന്നവർ ആയിരിക്കണം ഫിഷറീസ് മന്ത്രി. മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ച പുരോഗമിക്കുമ്പോൾ തന്നെ സഭ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചതാണ്. ഇതിനിടെ നടന്ന ചില അന്തർനാടകങ്ങളിൽ നിർദ്ദേശങ്ങൾ ഒഴുകി പോകുകയായിരുന്നെന്നും ഫാ.യൂജിൻ പെരേര പറഞ്ഞു. 

 

അതേസമയം, മന്ത്രിയാകാത്തതില്‍ സങ്കടമില്ലെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. മാധ്യമങ്ങളാണ് താൻ മന്ത്രിയാകുമെന്ന വാർത്ത കൊടുത്തത്. ചാണ്ടി ഉമ്മൻ മന്ത്രിയാകാത്തതില്‍ പരിഭവമില്ലെന്ന് ഓർത്തഡോക്സ് സഭയും പറഞ്ഞു. എന്നാല്‍ പ്രതിഷേധമുണ്ടെന്നായിരുന്നു പുതുപ്പള്ളിക്കാരുടെ പ്രതികരണം.  

 

സഭയുടെ അംഗമായതുകൊണ്ട് മന്ത്രിയാകണമെന്നില്ല. പക്ഷേ ചാണ്ടി ഉമ്മൻ എന്ന വ്യക്തി നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തണം.  ചാണ്ടിയുടെ കാര്യത്തില്‍ ജനമനസ് മനസിലാക്കിയോയെന്ന് സംശയമെന്നും ഓര്‍ത്തഡോക്സ് സഭ നേതൃത്വം ചൂണ്ടിക്കാട്ടി. എന്നാല്‍ ചാണ്ടിയെ മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞയ്ക്ക് നില്‍ക്കാതെ പോകാന്‍ തുടങ്ങിയ പ്രവര്‍ത്തകരെ ചാണ്ടി സമാധാനിപ്പിച്ചു. ചടങ്ങിന് വേദിയിയലെത്തിയ ചാണ്ടി ഉമ്മന് വലിയ കയ്യടിയാണ് ലഭിച്ചത്. 

ENGLISH SUMMARY:

Kerala Chief Minister V.D. Satheesan personally met with the Latin Catholic Church to address their dissatisfaction regarding representation in the cabinet. This meeting aimed to resolve concerns about ministerial positions and ensure constructive interventions on coastal issues.