പാര്‍ട്ടി തന്നെ ഒതുക്കിയിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ. വലിയ പദവികളാണ് പാര്‍ട്ടി നല്‍കിയത്. ഒരു പരീക്ഷണമായാണ് പേരാവൂരില്‍ മല്‍സരിച്ചത്. പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ വരുന്നതില്‍ എന്ത് തെറ്റെന്നും ശൈലജ ചോദിച്ചു. പിബി അംഗമുണ്ടായിരിക്കെ, മറ്റൊരാളെ എങ്ങനെ പ്രതിപക്ഷ നേതാവാക്കും. കനത്ത പരാജയമാണ് കേരളത്തില്‍ ഇടതുപക്ഷം നേരിട്ടതെന്നും മാറ്റമോ തിരുത്തലോ വേണമെങ്കില്‍ വരുത്തുമെന്നും കെ.കെ.ശൈലജ ഡല്‍ഹിയില്‍ പറഞ്ഞു.
Also Read: ലിജു കരഞ്ഞ് വോട്ട് തേടി; തന്നെ വില്ലത്തിയാക്കി; രൂക്ഷവിമര്‍ശനവുമായി യു. പ്രതിഭ
സംസ്ഥാനത്തെ ശ്രദ്ധിക്കപ്പെട്ട സീറ്റുകളിലൊന്നായിരുന്നു പേരാവൂര്‍ മണ്ഡലം. മത്സരിപ്പിച്ചു തോൽപിക്കാനാണ് കെ.െക.ശൈലജയെ പേരാവൂരിൽ നിർത്തിയതെന്ന ആരോപണം പ്രചാരണത്തില്‍ ഉടനീളം നിറഞ്ഞുനിന്നിരുന്നു. ചരിത്രഭൂരിപക്ഷത്തോടെയാണു കഴിഞ്ഞതവണ മട്ടന്നൂരിൽനിന്നു ശൈലജ നിയമസഭയിലെത്തിയത്. കേരളത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയെന്നുവരെ അടക്കംപറച്ചിലുണ്ടായി. രണ്ടുതവണ തുടർച്ചയായി മത്സരിച്ചവർ മത്സരിക്കേണ്ടെന്നായിരുന്നു പാർട്ടി തീരുമാനമെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ചിലർക്ക് ഇളവ് നൽകി. എന്നാൽ ആ ഇളവ് ശൈലജയ്ക്കു നൽകേണ്ടതില്ല എന്നായിരുന്നു പാർട്ടി തീരുമാനം.
ശൈലജയ്ക്കു മത്സരിക്കണമെങ്കിൽ സിപിഎമ്മിന്റെ ഉറച്ച സീറ്റായ മട്ടന്നൂർ വിട്ടു പേരാവൂരിൽ ആകാമെന്നായിരുന്നു നിർദേശം. മട്ടന്നൂരിൽത്തന്നെ മത്സരിക്കാൻ അവസാനംവരെ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ മനസ്സില്ലാമനസ്സോടെ ശൈലജ പാർട്ടി തീരുമാനം അംഗീകരിക്കുകയായിരുന്നു. ശൈലജ പേരാവൂരിൽ ഒരുതവണ മത്സരിച്ചു ജയിച്ച കാര്യം ചൂണ്ടിക്കാട്ടിയാണു പാർട്ടി നേതൃത്വം ശൈലജയുടെ സ്ഥാനാർഥിത്വത്തെ ന്യായീകരിച്ചത്.