വി.ഡി.സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായും ആലപിച്ചിതില്‍ ആശങ്ക രേഖപ്പെടുത്തി സിപിഎം. വന്ദേമാതരത്തിലെ ആറ് ചരണങ്ങള്‍ പാടണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം സത്യപ്രതിജ്ഞാ ചടങ്ങില്‍ പാലിക്കപ്പെടുകയായിരുന്നു. എന്നാല്‍ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട് ആശങ്ക അറിയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് രംഗത്തെത്തിയത്. ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിന്‍റെ ആദ്യ രണ്ടു ചരണങ്ങളാണ്. തുടർന്ന് വരുന്ന ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണെന്നും തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റില്‍ റിയാസ് വ്യക്തമാക്കുന്നു.
സത്യപ്രതിജ്ഞ ചടങ്ങിൽ ലോക്ഭവന്‍റെ ഭാഗത്തുനിന്നും വന്ന പല നിർദേശങ്ങളും തിരുത്താൻ കാണിച്ച ഇടപെടൽ വന്ദേമാതരം മുഴുവനായും ചൊല്ലിയ വിഷയത്തിൽ ഉണ്ടാവണമായിരുന്നു എന്നാണ് റിയാസ് അഭിപ്രായപ്പെടുന്നത്. ‘രാജ്യത്തിന്‍റെ സ്വാതന്ത്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തര കാലത്തും വിവിധ സംസ്ഥാനങ്ങളിൽ വന്ദേമാതരം നിർബന്ധിതമാക്കാനുള്ള ശ്രമങ്ങൾ വിവാദമായിരുന്നു. ചില സംഘടനകളും പൗരാവകാശ പ്രവർത്തകരും ഇത് നിർബന്ധമാക്കുന്നത് ഭരണഘടനാ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നതുമാണ്. സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാനങ്ങൾക്ക് ഒരു അഡ്വൈവസറി മാത്രമാണ്; അത് നിർബന്ധിതമല്ലെന്നും അനുസരിക്കാത്തതിന് യാതൊരു ശിക്ഷാനടപടിയും ഇല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ടെന്ന് റിയാസ് പോസ്റ്റില്‍ പറയുന്നു.
ഒപ്പം മതനിരപേക്ഷതയും ബഹുസ്വരതയും ഉയർത്തിപ്പിടിക്കുന്ന നമ്മുടെ പൊതുബോധത്തോട് കൂടുതൽ ചേർന്നുനിൽക്കുന്ന സമീപനങ്ങൾ സ്വീകരിക്കാൻ പുതിയ സർക്കാർ ശ്രദ്ധിക്കണം എന്ന് അഭ്യഥിക്കുന്നതായും റിയാസ് പോസ്റ്റില്‍ കുറിച്ചു. അതേസമയം, ഈ നിലപാട് പറച്ചില്‍, ഇടതുപക്ഷ എംഎല്‍എ എന്ന നിലയിൽ സർക്കാരിനെ തുടക്കത്തിലെ കണ്ണടച്ച് എതിർക്കുകയാണെന്ന് വ്യഖ്യാനിക്കരുതെന്നും റിയാസ് കുറിച്ചു. പകരം വിഷയത്തിൽ ഭരണഘടന മുറുകെപ്പിടിച്ച് ഉയർത്തിയ മെറിറ്റിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിയാസ് പറയുന്നു.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങളും പോസ്റ്റില്‍ നേരുന്നുണ്ട്. ‘സംസ്ഥാനത്തിന്‍റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണവും, ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും പുതിയ സർക്കാരിൽ നിന്നും ഉണ്ടായാൽ പിന്തുണക്കുമെന്നും റിയാസ് കുറിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചത്. രാഹുലും പ്രിയങ്കയും ഖര്‍ഗെയും മറ്റു നേതാക്കളും വന്ദേമാതരം പാടിയില്ല. അതേസമയം, ഗവര്‍ണറും ദീപാദാസ് മുന്‍ഷിയും ഗാനത്തിനൊപ്പം പാടുന്നതും ദൃശ്യമായിരുന്നു. തുടര്‍ന്ന് ദേശീയഗാനവും ചടങ്ങില്‍ മുഴങ്ങി. നേരത്തേ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആദ്യം ആലപിച്ചതിൽ പ്രതിഷേധവുമായി പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. തമിഴ് തായ് വാഴ്ത്തിനെ അവഗണിച്ചുവെന്നും വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചുവെന്നും ഡിഎംകെ വിമര്‍ശിച്ചു. എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നായിരുന്നു സിപിഐയുടെ പ്രതികരണം.
വന്ദേമാതരത്തിന്‍റെ 150–ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ദേശീയഗാനത്തിന് തുല്യമായ പ്രാധാന്യം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി ജനുവരി 28ന് കേന്ദ്ര ഉത്തരവിറങ്ങിയത്.