വി.ഡി.സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയുടെ വാര്‍ത്തകള്‍ വന്നു തുടങ്ങിയതുമുതല്‍ കേരളത്തിന്‍റെ രാഷ്ട്രീയ– സിനിമാ ലോകം ഉറ്റുനോക്കിയ സാന്നിധ്യമായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടേത്. എന്നാല്‍ വിജയ് എത്തിയിരുന്നില്ല. ഇപ്പോളിതാ ചടങ്ങില്‍ നിന്നും വിജയ് വിട്ടുനിന്നതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ.
‘കേരളത്തില്‍ വി.ഡി.സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിജയ്ക്ക് ക്ഷണമുണ്ടായതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു, എന്നാല്‍ അദ്ദേഹം പങ്കെടുത്തില്ല. മാത്രമല്ല രണ്ട് ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി മോദിയെ കാണാൻ അദ്ദേഹം ഡൽഹിയിലേക്ക് പോകുമെന്നും റിപ്പോർട്ടുകളുണ്ട്. ഒരുപക്ഷേ, കേരളത്തിലെ കോൺഗ്രസ് സർക്കാർ രൂപീകരണ ചടങ്ങിൽ പങ്കെടുത്താൽ ബിജെപിക്ക് ദേഷ്യം വരുമെന്ന് അദ്ദേഹം കരുതിയിരിക്കാം. അതുകൊണ്ടാണ് അദ്ദേഹം വിട്ടുന്നിന്നത്’- ഇളങ്കോവന്‍ പറഞ്ഞു.
വിജയ്‌യുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ സിബിഐ അന്വേഷണത്തിലാണെന്നും ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ കോൺഗ്രസ് സര്‍ക്കാറിന്‍റെ പരിപാടിയിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിജയ് ചിന്തിച്ചിരിക്കാം. രാഹുൽ ഗാന്ധിക്കോപ്പം വേദി പങ്കിടുന്നത് അപകടം ആകുമെന്ന് തോന്നി, അതുകൊണ്ടാണ് വിജയ് വിട്ടുനിന്നതെന്നും ഇളങ്കോവൻ പറഞ്ഞു. കോൺഗ്രസ് പാർട്ടി പറയുന്നത് വിജയ്‌യുമായി സഖ്യത്തിലാണെന്നാണ്. എന്നാല്‍ രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ പങ്കെടുക്കാത്തതിന് ബിജെപിയെ ഭയക്കുന്നതല്ലാതെ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും ഇളങ്കോവന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ (തമിഴ്) റിപ്പോര്‍ട്ട് ചെയ്യുന്നു.
എല്ലാം കൂട്ടിവായിക്കുമ്പോള്‍ മോദിസർക്കാരുമായി പോരാടാൻ അദ്ദേഹം തയ്യാറാണോ എന്ന് സംശയമുണ്ട്. ഇപ്പോള്‍ ബിജെപിയെ എന്തിനാണ് വെറുക്കേണ്ടതെന്ന് വിജയ് ചിന്തിക്കുന്നുണ്ടാകാം എന്നും ഇളങ്കോവൻ പറഞ്ഞു. എന്നാല്‍, തമിഴ്നാട്ടില്‍ വിജയ്‌യുടെ സത്യപ്രതിജഞാ ചടങ്ങിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു. അതേസമയം, വിജയ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ഔദ്യോഗിക തിരക്കുകളും സുരക്ഷാ പ്രശ്നങ്ങളും മറ്റ് പ്രായോഗിക തടസങ്ങളും കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു, കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്.