കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ സിപിഎമ്മിന് വിമർശനം. ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും സിപിഎം നേതാക്കളുടെ ഇടപെടൽ ജനകീയമായിരുന്നില്ലെന്നും നേതാക്കൾ വിമർശിച്ചു. സിപിഎമ്മിനുണ്ടായ തിരിച്ചടിയാണ് മുന്നണിക്ക് ആകെ ദോഷമായത്. സിപിഎം വോട്ടുകൾ കേരള കോൺഗ്രസ് എം സ്ഥാനാർഥികൾക്ക് ചിലയിടങ്ങളിൽ ലഭിച്ചില്ല. മുന്നണി മാറ്റത്തിനുള്ള അവസരം കേരള കോൺഗ്രസ് എം നേതൃത്വം ഇല്ലാതാക്കിയെന്നും യോഗത്തിൽ വിമർശനം ഉയർന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ യോഗം തുടരുകയാണ്. ഇടുക്കിയിൽ പരാജയപ്പെട്ട റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നു. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് യോഗത്തിനു മുൻപ് ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിനകത്ത് സംഘടനാ പ്രശ്നങ്ങൾ രൂക്ഷമായിരിക്കെ പൊളിറ്റ് ബ്യൂറോ യോഗത്തിനായി പിണറായി വിജയനും എം.വി ഗോവിന്ദനും ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. നാളെ ചേരുന്ന പിബി യോഗത്തിൽ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് സംസ്ഥാന ഘടകം അവതരിപ്പിക്കും. പിണറായി വിജയൻ തന്നെ പ്രതിപക്ഷനേതാവ് ആകുമോ ആകാംക്ഷയ്ക്കിടെ നാളത്തെ പി ബി യോഗത്തിൽ പിണറായി മനസ്സ് തുറന്നേക്കും .
Read Also: ‘നാറുന്നതും മണക്കുന്നതും അറിയാത്തവര്‍’; മുഖ്യമന്ത്രിപ്പോരിനെതിരെ ആഞ്ഞടിച്ച് സി.ആര്‍.മഹേഷ് എംഎല്‍എ
തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും താൻ മാറിനിൽക്കുകയാണെന്ന് പിണറായി പറഞ്ഞാൽ മാത്രമേ മറ്റൊരാളെ പറ്റി പാർട്ടി ആലോചിക്കുകയുള്ളൂ. പിണറായി അല്ലെങ്കിൽ മുൻ ധനമന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ എൻ ബാലഗോപാലിനാണ് സാധ്യത കൂടുതൽ. കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത് . ഗൗരവകരമായ പരിശോധന നടന്നുവെന്നും മാധ്യമങ്ങൾ പറയുന്ന തരത്തിൽ ആരും കടന്നാക്രമിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു