cr-mahesh-dissent

കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ തർക്കം തുടരുന്നതിനിടെ അതൃപ്തി പ്രകടിപ്പിക്കുന്ന പോസ്റ്റുമായി സിആർ മഹേഷ്. എതിര്‍വികാരം സിപിഎം മണ്ഡലങ്ങള്‍ക്ക് മാത്രമല്ല ബാധകമെന്നും, പല്ലുകുത്തി മണപ്പിക്കുന്നതിനെ സുഗന്ധമായി കാണരുതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയൻ കുറച്ചെങ്കിലും ധർമ്മസങ്കടത്തിൽ ആയെങ്കിൽ, തളിപ്പറമ്പിലും, പയ്യന്നൂരിലും സിപിഎമ്മിനു പോലും  അടിപതറാമെങ്കിൽ ജനാധിപത്യത്തിന്റെ ഉൾക്കരുത്ത് കാണാതിരുന്നുകൂടാ.ഇത് സിപിഎം ന് മാത്രമല്ല ബാധകം 50,000 തിനും ,80,000 വും വോട്ടുകൾക്ക് ജയിച്ച യുഡിഎഫ് മണ്ഡലങ്ങളിലും ഇനി അത്ഭുതങ്ങൾ സംഭവിക്കാം അതാണ് ചരിത്രവും  കാലവും. 

പല്ല് കുത്തി മണപ്പിക്കുന്നതിനേയും സുഗന്ധമായി കാണുന്നവർ, നാറുന്നതും, മണക്കുന്നതും അറിയാത്തവർ, ജനവികാരം കണ്ടില്ലെന്ന് നടിക്കുന്നവർ. എല്ലാം ഇവിടംകൊണ്ട് തീർന്നു എന്ന് ധരിക്കുന്നുണ്ടെങ്കിൽ തെറ്റാണ്. അല്പം എങ്കിലും ഇന്ത്യയിൽ അവശേഷിക്കുന്നത് പോലും നഷ്ടപ്പെടും. ഇത് പക്ഷം പറച്ചിലായി കാണേണ്ട. വിശക്കുന്നവന്റെ, വിയർക്കുന്നവന്റെ, പണിയെടുക്കുന്നവന്റെ ,ഈ മഹാ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവന്റെ ജനാധിപത്യത്തിൽ മാറിയും, മറിഞ്ഞും പാർട്ടി നോക്കാതെ വോട്ട് ചെയ്യുന്ന നിഷ്പക്ഷ മതികളായ ജനങ്ങളുടെ ഹൃദയ വികാരം പങ്കുവെച്ചു എന്ന് മാത്രം. 

അപ്രിയ സത്യങ്ങൾ പറയേണ്ടി വരുന്ന സാഹചര്യത്തിൽ നഷ്ടപ്പെടുന്നതിനെ ഓർത്ത് ദുഃഖമില്ല.  നേടിയതെന്ന്  നാം സ്വയം കരുതുന്നതൊന്നും നാം കൊണ്ടുവന്നതല്ലല്ലോ, നാം ഒറ്റയ്ക്ക് നേടിയതും അല്ലല്ലോ. - സിആർ മഹേഷ് തുറന്നടിച്ചു. 

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലേറെ പേരുകൾ പരിഗണനയിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എല്ലാ ഘടകങ്ങളും വിശദമായി വിലയിരുത്തിയ ശേഷം ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യപിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. 

മുഖ്യമന്ത്രി സ്ഥാനത്തേക്ക് എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ പട്ടികയുടെ ഒറിജിനാലിറ്റി പരിശോധിക്കണമെന്ന് സണ്ണി ജോസഫ്. താൻ ആരുടെയും പേര് പറഞ്ഞിട്ടില്ല. പട്ടിക പുറത്തായതില്‍ പ്രതികരിക്കേണ്ടത് നിരീക്ഷകരെന്നും സണ്ണി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

CR Mahesh's Facebook post reflects dissent within the Congress party regarding the Chief Ministerial candidate discussion, highlighting the sentiment in CPM strongholds and potential surprises in UDF constituencies. He emphasizes the importance of listening to public sentiment, stating that ignoring it could lead to further losses for the party.