Untitled design - 1

തിരഞ്ഞെടുപ്പില്‍ നേതാക്കന്മാര്‍ കണക്കൂകൂട്ടിയതിനുമപ്പുറം യു.ഡി.എഫിനിനെ കയ്യയച്ചു പിന്തുണച്ച ജില്ലയാണു കോഴിക്കോട്. ഒരിക്കലും തകരില്ലെന്ന് ഇടതുപക്ഷം അവകാശപ്പെട്ടിരുന്ന നാദാപുരവും എലത്തൂരും പേരാമ്പ്രയുമൊക്കെ നേടിയാണ് യു.ഡി.എഫ് വിജയിപ്പിച്ചത്. വോട്ടെണ്ണിതീര്‍ന്നതു മൂതല്‍ ജില്ലയ്ക്ക് എത്ര മന്ത്രിമാരുണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസ്, ലീഗ് അണികളിലെ സംസാരം. പക്ഷേ കാര്യങ്ങള്‍ അന്തിമ ഘട്ടത്തിലേക്കു കടക്കുമ്പോള്‍ യു.ഡി.എഫ് മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ച ജില്ലയ്ക്ക് എന്തുകിട്ടിയെന്നാണ് ചോദ്യം. ജില്ലയില്‍ പ്രായം കൊണ്ടും അനുഭവ പരിചയം കൊണ്ടും സീനിയറായ കുറ്റ്യാടി എം.എല്‍.എ. പാറക്കല്‍ അബ്ദുള്ള ടേം വ്യവസ്ഥയില്‍ രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രിയാകുമെന്നാണ് ലീഗ് നേതൃത്വം അല്പസമയം മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. അദ്ദേഹം ഉടന്‍ മന്ത്രിയാവില്ലെന്ന് വന്നതോടെ കോഴിക്കോട് ജില്ല നിരാശയിലാണ്. 

രണ്ടു പതിറ്റാണ്ടിനു ശേഷം കൈപ്പത്തിയില്‍ എം.എല്‍.എമാര്‍ പക്ഷേ...

കോഴിക്കോട് ഏറെ കാലമായി തലയെടുപ്പുള്ള നേതാക്കന്‍മാരുണ്ടെങ്കിലും ജനപ്രതിനിധിയുണ്ടായിരുന്നില്ല. കെ. കേളപ്പനും മുഹമ്മദ് അബ്ദുറഹ്മാനും ജന്‍മം നല്‍കിയ കോണ്‍ഗ്രസിന്റെ മണ്ണില്‍ ജനപ്രതിനിധികള്‍ക്കുള്ള 20 വര്‍ഷം നീണ്ട വരള്‍ച്ചയ്ക്ക് അറുതിയായത് മേയ് –4നു വേട്ടെണ്ണി തീര്‍ന്നതോടെയാണ്. 5പേരാണ് കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ചുകയറിയത്. പാര്‍ട്ടി പോലും പ്രതീക്ഷ വെയ്ക്കാതിരുന്ന ഇടതു കോട്ടകള്‍ പോലു കൈപിടിച്ചു. ഒടുവില്‍  ഗ്രൂപ്പും സമവാക്യങ്ങളും ഒപ്പിച്ചെടുത്തപ്പോള്‍ ജില്ലയില്‍ നിന്നു ആദ്യ ടേമില്‍ മന്ത്രിമാരില്ല. രണ്ടര വര്‍ഷം കഴിഞ്ഞ് പാറക്കല്‍ അബ്ദുള്ള മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അബ്ദുല്‍ ഗഫൂറാവും പാറക്കലിനായി ഒഴിഞ്ഞുകൊടുക്കുക. 

ജാതി സമവക്യങ്ങളും ജില്ലയെ തുണച്ചില്ല

കോണ്‍ഗ്രസിന്റെ മുന്‍ എം.എല്‍.എമാര്‍ പോലുമില്ലാത്ത ജില്ലയെന്ന ചീത്തപേരുണ്ടായിരുന്നിടത്തു നിന്നാണ് 5 പേര്‍ ജയിച്ചു കയറുന്നത്. ഡി.സി.സി. പ്രസഡിന്റായ കെ. പ്രവീണ്‍കുമാര്‍ കൊയിലാണ്ടിയില്‍ ജയിച്ചു. കെ.പി.സി.സി  ജനറല്‍ സെക്രടറിയായ വിദ്യ ബാലകൃഷണന്‍ ഇടതുകോട്ടയായ എലത്തൂരില്‍ എ.കെ. ശശീന്ദ്രനെയാണ് അടിയറവ് പറയിച്ചത്. യൂത്ത്കോണ്‍ഗ്രസ് മുഖമായ കെ. അഭിജിത്ത് പൊളിച്ചാല്‍ പൊളിയാത്ത ഇടതുകോട്ടയെന്ന വിശേഷണുണ്ടായിരുന്ന നാദാപുരം കടന്നാണ് സഭയിലേക്കെത്തുന്നത്. 

1960–ല്‍ ലീഗിന്റെ ഹമീദലി ഷംനാട് വിജയിച്ചതൊഴിച്ചാല്‍ ഇതുവരെ ഇടത്പക്ഷത്തെ മാത്രം തുണച്ച ചരിത്രമാണു അഭിജിത്ത് തകര്‍ത്തത്. ബാലുശേരിയില്‍ കെ.എസ്.യു. ജില്ലാപ്രസിഡന്റായ വി.ടി. സൂരജ്  സിപിഎമ്മിന്റെ യുവമുഖമായ സച്ചിന്‍ദേവിനെയാണ് മടയില്‍ കയറി തോല്‍പ്പിച്ചത്. 

കോഴിക്കോട് നോര്‍ത്തില്‍ കെ. ജയന്തിന്റെ വിജയം, ചരിത്രപരമായും സാംസ്കാരികമായും മലബാറിന്റെ തലസ്ഥാന നഗരയില്‍ പാര്‍ട്ടിയുടെ കരുത്തുകൂട്ടുന്നതുമാണ്. പക്ഷേ ഇവരില്‍ ഒരാള്‍ പോലും മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപെട്ടില്ല. അഞ്ചുപേരും സഭയില്‍ പുതുമുഖങ്ങളാണ്. പ്രായത്തിലും താരതമ്യേനെ ചെറുപ്പമാണ്. മന്ത്രി ചര്‍ച്ചകളില്‍ തുടക്കത്തില്‍ പറഞ്ഞുകേട്ട പേര് കെ. ജയന്തിന്റേതാണ്. സാമുദായിക സന്തുലിതാവസ്ഥ പാലിക്കുന്നതിനായി ജയന്തിനെ പരിഗണിച്ചേക്കുെമന്നായിരുന്നു റിപ്പോര്‍ട്ട്. ബിന്ദു കൃഷണയെയും എം. ലിജുവിനെയും പരിഗണിച്ചപ്പോള്‍ സാമുദായിക കണക്കില്‍ കടന്നുകൂടാമെന്ന കെ. ജയന്തിന്റെ പ്രതീക്ഷയാണ് ഇല്ലാതായത്

ജില്ലയില്‍ നിന്നു മന്ത്രിമാരില്ല, പക്ഷേ ജില്ലക്കാരായ മന്ത്രിമാരുണ്ട് 

13ല്‍ 12ഉം നേടി മലബാറിലെ തേരോട്ടത്തിന്റെ നെടും തൂണായ ജില്ലയില്‍ നിന്ന് മന്ത്രിമാരില്ലാത്തതിന്റെ അമര്‍ഷം പുകയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ആശ്വസിക്കുന്നത് ജില്ലക്കാരായ മന്ത്രിമാരുണ്ടല്ലോയെന്നതിലാണ്. മന്ത്രിസ്ഥാനം ഉറപ്പിച്ച കെ. മുരളീധരന്‍ കോഴിക്കോട്ടുകാരനാണ്. ലീഗിലെ കെ.എം. ഷാജിയും കോഴിക്കോട് ജില്ലക്കാരനാണ്. കുന്നമംഗലത്താണു വീടും താമസവും.

അണികളോട് വിശദീകരിക്കാനാവാതെ ലീഗ്

ലീഗ് ആറു മണ്ഡലങ്ങളിലാണ് ജില്ലയില്‍ മത്സരിച്ചത്. സംസ്ഥാന തലത്തില്‍ തന്നെ കടുത്ത പോരാട്ടം വഴി ശ്രദ്ധ നേടിയ പേരാമ്പ്രയടക്കം വിജയിച്ചു കയറി സ്ട്രൈക്ക് റേറ്റ് നൂറില്‍ നൂറാക്കി. ജില്ലയില്‍ പ്രായം കൊണ്ടും അനുഭവ പരിചയം കൊണ്ടും സീനിയറായ കുറ്റ്യാടി എം.എല്‍.എ. പാറക്കല്‍ അബ്ദുള്ള ടേം വ്യവസ്ഥയില്‍ രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രിയാകുമെന്നാണ് ലീഗ് നേതൃത്വം അല്പസമയം മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. 

എന്തുകൊണ്ടു പാറക്കല്‍ അബ്ദുള്ളയെ ആദ്യടേമില്‍ തന്നെ മന്ത്രിയാക്കിയില്ല എന്നത് കമ്മിറ്റികളില്‍ വിശദീകരിക്കേണ്ടി വരും. സ്ഥാനങ്ങള്‍ വാങ്ങിയെടുക്കുന്നതില്‍ ജില്ലാ നേതൃത്വം അമ്പേ പരാജയപെട്ടതാണ് ഇപ്പോഴത്തെ സങ്കടത്തിനു കാരണമന്നു പേരുവെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെ യൂത്ത് ലീഗ്  ജില്ലാഭാരവാഹി മനോരമ ന്യൂസിനോടു പറഞ്ഞു. 

ENGLISH SUMMARY:

Kozhikode district has shown strong support for UDF, exceeding expectations in the recent election. Despite leading the UDF's charge, the district faces disappointment as none of its newly elected MLAs are included in the first list of ministers, with only Parakkal Abdulla set to become a minister after a term of two and a half years.