വി.ഡി.സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെയും വകുപ്പുകളുടെയും ചിത്രം തെളിഞ്ഞു. മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ ലോക്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കൈമാറി. കോൺഗ്രസിന് 11 മന്ത്രിമാരാണുള്ളത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറാകും.
കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരന്‍, എ.പി.അനില്‍കുമാര്‍, ടി.സിദ്ദിഖ്, പി.സി.വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം.ലിജു എന്നിവര്‍ക്ക് പുറമെ ഒ.ജെ.ജനീഷും കെ.എ.തുളസിയും മന്ത്രിമാരാകും. റോജി എം ജോണ്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി.ജോൺ, അനൂപ് ജേക്കബ് എന്നിവരും പട്ടികയിലുണ്ട്.
മോൻസ് ജോസഫ് രണ്ടരവര്‍ഷത്തിനുശേഷം കെ.എ.തുളസിക്ക് പകരം ഐ.സി.ബാലകൃഷ്ണന് ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കും. മാണി സി.കാപ്പനും അനൂപ് ജേക്കബും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യ ഊഴം അനൂപിനായിരിക്കും.
അഞ്ചുമന്ത്രിമാരെ ലീഗും പ്രഖ്യാപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ ബഷീര്‍, കെ.എം.ഷാജി, എന്‍. ഷംസുദ്ദീന്‍, വി.ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ മന്ത്രിസഭയിലേക്ക്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ കോഴിക്കോടിന്റെ പ്രതിനിധിയായി പാറയ്ക്കല്‍ അബ്ദുല്ല മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.
വകുപ്പ്– സാധ്യതകള്‍
മുഖ്യമന്ത്രി വി.ഡി.സതീശന്‍ ധന, തുറമുഖ വകുപ്പുകള്‍ വഹിക്കും. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും. വിജിലന്‍സും ചെന്നിത്തലയ്ക്കാണ്. സണ്ണി ജോസഫിന് റവന്യു വകുപ്പ്. കെ.മുരളീധരൻ (വൈദ്യുതി), എ.പി.അനിൽകുമാർ (ആരോഗ്യം), എം.ലിജു (എക്സൈസ്), പി.സി.വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം), ബിന്ദു കൃഷ്ണ (സാമൂഹിക ക്ഷേമം), കെ.എ.തുളസി (പിന്നാക്കക്ഷേമം) എന്നിങ്ങനെയായിരിതക്കാം മറ്റ് വകുപ്പുകള്‍. കല്‍പ്പറ്റ എംഎല്‍എ ടി.സിദ്ദിഖ് വനം മന്ത്രിയാകും. ഒ.ജെ. ജനീഷ് യുവജനക്ഷേമ മന്ത്രിയാകും.